
സുഡാനിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തിനിടയിൽ കുടിയിറക്കപ്പെട്ട ആളുകളെ പാർപ്പിക്കുന്ന സംസം ക്യാമ്പ് റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് ഏറ്റെടുത്തതിനുശേഷം അറുപതിനായിരം മുതൽ എൺപതിനായിരം വരെ കുടുംബങ്ങളെ അതായത്, ഏകദേശം നാലുലക്ഷം വരെ ആളുകളെ മാറ്റിപ്പാർപ്പിച്ചതായി ഐക്യരാഷ്ട്ര സഭയുടെ ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷന്റെ കണക്കുകൾ വ്യക്തമാക്കുന്നു. നാലുദിവസത്തെ ആക്രമണത്തിൽ നൂറുകണക്കിന് ആളുകൾ മരിക്കുകയോ, പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ട്. ഞായറാഴ്ച, ആർ എസ് എഫ് ക്യാമ്പിന്റെ നിയന്ത്രണം പിടിച്ചെടുത്തിരുന്നു.
വടക്കൻ ഡാർഫറിലെ സംസം, അബു ഷൗക്ക് കുടിയിറക്ക ക്യാമ്പുകളിലും അൽ-ഫാഷിർ പട്ടണത്തിലും വെള്ളിയാഴ്ചയും ശനിയാഴ്ചയും നടന്ന പോരാട്ടത്തിൽ സാധാരണക്കാരായ മുന്നൂറിലധികം പേർ കൊല്ലപ്പെട്ടതായി പ്രാദേശിക സ്രോതസ്സുകളിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു. ആക്രമണത്തിൽ, സംസം ക്യാമ്പിൽ പ്രവർത്തിക്കുന്ന ആരോഗ്യകേന്ദ്രങ്ങളിലൊന്ന് നിശ്ശേഷം തകർന്നു. കൊല്ലപ്പെട്ടവരിൽ റിലീഫ് ഇന്റർനാഷണലിലെ 10 മനുഷ്യാവകാശ പ്രവർത്തകരും ഉൾപ്പെടുന്നുവെന്ന് യു എൻ വക്താവ് പറഞ്ഞു.
ഡാർഫർ മേഖലയിലെ സൈന്യത്തിന്റെ ശേഷിക്കുന്ന ഏക ശക്തികേന്ദ്രമായ അൽ-ഫാഷിറിന്റെ അയൽപക്കത്തുള്ള ക്ഷാമബാധിത ക്യാമ്പിൽ മാസങ്ങൾ നീണ്ട ഉപരോധത്തിൽ ആർ എസ് എഫ് വിജയിച്ചാൽ ഉണ്ടാകാവുന്ന അതിക്രമങ്ങളെക്കുറിച്ച് മനുഷ്യാവകാശ സംഘടനകൾ വളരെക്കാലമായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മാക്‌സർ ടെക്‌നോളജീസിൽ നിന്നുള്ള ഉപഗ്രഹചിത്രങ്ങളിൽ, വെള്ളിയാഴ്ച സംസമിൽ കത്തുന്ന കെട്ടിടങ്ങളുടെയും ഉയരുന്ന പുകയുടെയും ചിത്രങ്ങൾ കാണിച്ചു. ആർ എസ് എഫ് അത്തരം ആരോപണങ്ങൾ തള്ളിക്കളഞ്ഞു. കൂടാതെ, സംസം ക്യാമ്പ് സൈന്യവുമായി ബന്ധപ്പെട്ട ഗ്രൂപ്പുകളുടെ താവളമായി ഉപയോഗിച്ചിരുന്നുവെന്നും പറയുന്നു.