
ഈ വർഷം ആദ്യ ആറുമാസത്തിനുള്ളിൽ പശ്ചിമാഫ്രിക്കയിൽ 1,800 ഭീകരാക്രമണങ്ങളും 4,600 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. ജൂലൈ 25-ന് ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗൺസിലിനിടെ പ്രാദേശിക ഉദ്യോഗസ്ഥനായ ഒമർ ടൂറെയാണ് ഭീതിപ്പെടുത്തുന്ന കണക്കുകൾ പുറത്തുവിട്ടത്.
“6.2 ദശലക്ഷം ആളുകൾ കുടിയിറക്കപ്പെടുകയും പലായനം ചെയ്യാൻ നിർബന്ധിതരാകുകയും ചെയ്തു. 30 ദശലക്ഷത്തോളം ആളുകൾക്ക് അടിസ്ഥാന സൗകര്യങ്ങൾപോലും നിഷേധിക്കപ്പെട്ടു. ഇത്തരം ആക്രമണങ്ങൾ പശ്ചിമാഫ്രിക്കയിൽ നിലനില്ക്കുന്ന അരക്ഷിതാവസ്ഥയുടെയും ഭീകരതയുടെയും ചെറിയൊരു വെളിപ്പെടുത്തൽ മാത്രമാണ്” – ടൂറേ റിപ്പോർട്ട് ചെയ്യുന്നു.
“ജനുവരി മുതൽ ജൂൺ 30 വരെയുള്ള കണക്കനുസരിച്ച് യഥാക്രമം ബുർക്കിന ഫാസോയിൽ 2725, മാലിയിൽ 844, നൈജറിൽ 77, നൈജീരിയയിൽ 70 ആക്രമണങ്ങളും 4593 മരണങ്ങളും രേഖപ്പെടുത്തി. പടിഞ്ഞാറൻ ആഫ്രിക്കയുടെയും സഹേലിന്റെയും സ്ഥിതിയും ഇതിൽനിന്നും വിഭിന്നമല്ല. ബെനിനിലെയും ടോഗോയിലെയും ആക്രമണങ്ങൾ തീരപ്രദേശങ്ങളിലേക്ക് തീവ്രവാദം വ്യാപിക്കുന്നതിന്റെ വ്യക്തമായ സൂചനയാണിതെന്നും” ടൂറേ പങ്കുവച്ചു.




