ക്രൈസ്തവർക്കുവേണ്ടിയുള്ള പ്രധാനമന്ത്രിയുടെ ക്രിസ്തുമസ് വിരുന്നിനെ സ്വാഗതംചെയ്യുന്നു: ക്രിസ്ത്യൻ മൈനോറിറ്റി ഫോറം പ്രസിഡന്റ് കെ.ഡി ലൂയിസ്

പ്രധാനമന്ത്രി നടത്തിയ ക്രിസ്തുമസ് വിരുന്നിൽ ക്രൈസ്തവനേതാക്കൾ പങ്കെടുത്തതിനെ സർവാത്മനാ സ്വാഗതംചെയ്യുന്നുവെന്ന് ക്രിസ്ത്യൻ മൈനോറിറ്റി ഫോറം പ്രസിഡന്റ് കെ.ഡി ലൂയിസ് പ്രസ്താവിച്ചു. ക്രൈസ്തവരെ വിശ്വാസത്തിലെടുത്തുള്ള കേന്ദ്രസർക്കാരിന്റെ എല്ലാ പ്രവർത്തികളെയും കേരളത്തിലെയും ഭാരതത്തിലെയും ക്രൈസ്തവസമൂഹം പൂർണ്ണമായി പിന്തുണയ്ക്കും. ക്രൈസ്തവരുടെ പുണ്യദിനമായ ക്രിസ്തുമസിന് പ്രധാനമന്ത്രി നടത്തിയ വിരുന്ന് ഏറ്റവും ഉചിതമായ നടപടിയായി ക്രിസ്ത്യൻ മൈനോറിറ്റി ഫോറം വിലയിരുത്തുന്നു.

ഈ വിരുന്നിൽ മറ്റു പാർട്ടികളോ, മന്ത്രിമാരോ വിറളിപൂണ്ടിട്ട് കാര്യമില്ല. ഭാരതത്തിലും കേരളത്തിലും നടക്കുന്നത് എന്താണെന്നു തിരിച്ചറിയാനുള്ള വിവേകം ക്രൈസ്തവർക്കുണ്ടെന്നും അദേഹം പറഞ്ഞു. ക്രിസ്ത്യൻ മൈനോറിറ്റി ഫോറം സംസ്ഥാനനേതൃയോഗം അങ്കമാലിയിൽ ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വൈസ് ചെയർമാൻ ജോസ് പാറേക്കാട്ടിൽ, ജനറൽ സെക്രട്ടറി ജെയ്സൺ ജോൺ, ട്രഷറർ ജോസ് ഇടശ്ശേരി, മാർട്ടിൻ കൂട്ടുങ്ങൽ തുടങ്ങിയവർ പ്രസംഗിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.