
സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിലെ ഹാറ്റ്-മ്പോമു പ്രവിശ്യയിലുള്ള സെമിയോയിൽ (Zémio), ബംഗാസൗ രൂപതയിലെ സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് ഇടവക വികാരിയായ ഫാദർ ക്രെപിൻ മാർഷൽ മോംഗ കൊല്ലപ്പെട്ടു. ജൂൺ 29-ന് വൈകുന്നേരം പള്ളിമുറിക്ക് പുറത്തുവച്ച് അദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായതായി പ്രാദേശിക വൃത്തങ്ങൾ അറിയിച്ചു.
പ്രാദേശിക സമൂഹങ്ങൾ, സിവിൽ അധികാരികൾ, മേഖലയിലെ മറ്റ് പ്രമുഖർ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്ന മധ്യസ്ഥതാ സമിതിയായ ‘സെമിയോ ലോക്കൽ കമ്മിറ്റി ഫോർ പീസ് ആൻഡ് റീകൺസിലിയേഷൻ’ (CLPR)-ന്റെ കോർഡിനേറ്ററായി പ്രവർത്തിച്ചു വരികയായിരുന്നു ഫാദർ മോംഗ. രാജ്യത്തിന്റെ ഈ ഭാഗത്ത്, കത്തോലിക്കാ സഭയും അതിന്റെ വൈദികരും ഇടവക സംവിധാനങ്ങളും പലപ്പോഴും സമാധാന ചർച്ചകൾക്കും ജനങ്ങൾക്ക് സംരക്ഷണം നൽകുന്നതിനും മുന്നിൽ നിന്നു പ്രവർത്തിക്കാറുണ്ട്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ഹാറ്റ്-മ്പോമു പ്രവിശ്യയിലെ സുരക്ഷാ സാഹചര്യം വൻതോതിൽ വഷളായിക്കൊണ്ടിരിക്കുകയാണ്. അതേസമയം സായുധ അക്രമങ്ങൾ വർധിച്ചതിനെത്തുടർന്ന് വലിയൊരു വിഭാഗം ജനങ്ങൾ അയൽരാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലേക്ക് പലായനം ചെയ്യുകയാണ്.




