സ്‌നേഹപ്രവർത്തികളാൽ കർത്താവിന്റെ പ്രകാശം വഹിക്കാൻ രൂപാന്തരീകരണം നമ്മെ പ്രോത്സാഹിപ്പിക്കുന്നു: പാപ്പാ

സ്‌നേഹത്തിന്റെയും സേവനത്തിന്റെയും മൂർത്തമായ പ്രവർത്തികളിലൂടെ ദൈവത്തിന്റെ വെളിച്ചം മറ്റുള്ളവരിലേക്ക് എത്തിക്കാൻ കർത്താവിന്റെ രൂപാന്തരീകരണം എല്ലാ വിശ്വാസികളെയും പ്രോത്സാഹിപ്പിക്കുന്നുവെന്ന് ഫ്രാൻസിസ് മാർപാപ്പ. നോമ്പിന്റെ രണ്ടാം ഞായറാഴ്ചയിലെ ആഞ്ചലൂസ് പ്രാർത്ഥനക്കു മുമ്പാണ് പാപ്പാ വിശ്വാസികളോട് ഇപ്രകാരം പറഞ്ഞത്.

“ദൈവത്തിന്റെ മഹത്വം വെളിപ്പെട്ടു. ദൈവത്തിന്റെ സൗന്ദര്യം എന്നാൽ ദൈവസ്നേഹമാണ്. അപ്പോൾ ശിഷ്യന്മാർ ക്രിസ്തുവിൽ അവതരിക്കപ്പെട്ട ദിവ്യസ്നേഹത്തിന്റെ സൗന്ദര്യവും തേജസ്സും അവരുടെ കണ്ണുകളാൽ കണ്ടു. ആ നിമിഷം അവർക്ക് പറുദീസയുടെ ഒരു മുൻരുചി എന്താണെന്ന് അനുഭവിക്കാൻ കഴിഞ്ഞു” – തിരുവചനഭാഗത്തെ വ്യാഖ്യാനിച്ചുകൊണ്ട് പാപ്പാ പറഞ്ഞു. ഈ അനുഭവത്തിലൂടെ, യേശു ശിഷ്യന്മാരെ ജറുസലേമിലെ കുരിശിലേക്ക് അനുഗമിക്കാൻ ഒരുക്കുകയായിരുന്നു. തന്റെ മുഖം വികൃതമാകുമെന്നും എങ്കിലും മരുഭൂമിയിലെ അഗ്നിസ്തംഭം പോലെ അവരുടെ പാത നയിക്കുന്ന വെളിച്ചമാണ് താനെന്നും ഈശോ ശിഷ്യന്മാരെ ഓർമ്മിപ്പിക്കുകയായിരുന്നു തന്റെ രൂപാന്തരീകരണത്തിലൂടെ എന്നും പാപ്പാ വ്യാഖ്യാനിച്ചു.

ഈ അനുഭവം യേശുവിലേക്ക് നയിക്കുന്ന “നമുക്കു വേണ്ടിയും ഒരു പാത കണ്ടെത്തുന്നു. ഓരോ ദിവസവും നമ്മോടൊപ്പം നടക്കുന്ന ആളുകളുടെ മുഖത്ത് അവന്റെ സൗന്ദര്യം തിരിച്ചറിയാൻ ഈ നോമ്പുകാലം നമ്മെ ക്ഷണിക്കുന്നു. എത്രയോ മുഖങ്ങൾ നാം അനുദിനം കാണുന്നു. ചിരിക്കുന്ന മുഖങ്ങൾ, കണ്ണുനീർ നിറഞ്ഞ മുഖങ്ങൾ… അവയെല്ലാം സ്നേഹത്തെക്കുറിച്ച് സംസാരിക്കുന്നു! അവരെ തിരിച്ചറിയാനും ഹൃദയം നിറയ്ക്കാനും നമുക്ക് പഠിക്കാം” – പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.