പാവങ്ങളെ ശ്രവിക്കുന്ന ഒരു രാഷ്ട്രീയമാണ് ആവശ്യം: ഫ്രാൻസിസ് പാപ്പാ

യുദ്ധം രാഷ്ട്രീയത്തിൻറെ തോൽവിയാണെന്ന് ഓർമ്മിപ്പിച്ചു മാർപ്പാപ്പാ. “പ്രൊജേത്തൊ പോളികോറൊ” എന്ന പേരിലുള്ള പദ്ധതിയിൽ അംഗങ്ങളായ യുവതീയുവാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

ലോകത്തെ വലയം ചെയ്തിരിക്കുന്ന പ്രശ്നങ്ങളുടെ, പ്രത്യേകിച്ച് യുദ്ധത്തിൻറെ, വെളിച്ചത്തിൽ സാമൂഹ്യരാഷ്ട്രീയ രൂപീകരണത്തെക്കുറിച്ചും “പ്രൊജേത്തൊ പോളികോറൊ” ഇക്കൊല്ലം സമാധാനം എന്ന പ്രമേയം സ്വീകരിച്ചിരിക്കുന്നതിനെക്കുറിച്ചും പരാമർശിച്ചു. “ഇന്ന്, രാഷ്ട്രീയത്തിന്, പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ സൽപ്പേരില്ല. അതിനു കാരണം അഴിമതി, കാര്യക്ഷമതയില്ലായ്മ, ജനജീവിതത്തിൽ നിന്നുള്ള അകൽച്ച എന്നിങ്ങനെ പല ഘടകങ്ങളും ആണ്. സൗധങ്ങൾക്കുള്ളിൽ അടഞ്ഞുകിടക്കുന്നതല്ല മറിച്ച്, യാഥാർത്ഥ്യത്തെ ശ്രവിക്കുന്ന പാവങ്ങളെ കേൾക്കുന്ന ഒരു രാഷ്ട്രീയമാണ് ആവശ്യം” പാപ്പാ ചൂണ്ടിക്കാട്ടി.

രാഷ്ട്രീയക്കാരുടെ താൽപ്പര്യം തിരഞ്ഞെടുപ്പു വിജയമോ വ്യക്തിപരമായ നേട്ടമോ ആയിരിക്കരുത് മറിച്ച്, ആളുകളെ ഉൾപ്പെടുത്തുക, സംരംഭകത്വം സൃഷ്ടിക്കുക, സ്വപ്നങ്ങൾ പൂവണിയിക്കുക, ഒരു സമൂഹത്തിൽ അംഗമായിരിക്കുന്നതിൻറെ മനോഹാരിത ജനങ്ങൾക്ക് അനുഭവവേദ്യമാക്കുക എന്നിവയായിരിക്കണമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.