ആഫ്രിക്കയിലേക്കുള്ള അപ്പസ്തോലിക യാത്ര മാറ്റിവച്ചതിൽ ഖേദം പ്രകടിപ്പിച്ച് മാർപാപ്പ

കാൽമുട്ട് വേദനയെ തുടർന്ന്, ജൂലൈയിൽ ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് നടത്താനിരുന്ന തന്റെ അപ്പസ്തോലിക യാത്ര മാറ്റിവയ്ക്കേണ്ടി വന്നതിൽ ക്ഷമാപണം നടത്തി ഫ്രാൻസിസ് മാർപാപ്പ. എത്രയും വേഗം ഈ യാത്ര പുനഃക്രമീകരിക്കുമെന്ന് മാർപാപ്പ ഉറപ്പു നൽകി. ജൂൺ 12-ന് ത്രീത്വത്തിന്റെ തിരുനാൾ ദിനം സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ ഒത്തുകൂടിയ തീർത്ഥാടകർക്ക് നൽകിയ സന്ദേശത്തിലാണ് പാപ്പാ ഇക്കര്യം പറഞ്ഞത്.

85-കാരനായ മാർപാപ്പയുടെ കാൽമുട്ടിലെ ലിഗമെന്റ് വീക്കം മൂലം നടക്കാൻ വളരെ ബുദ്ധിമുട്ടാണ്. കഴിഞ്ഞ മാസം മുതൽ പൊതുപരിപാടികളിൽ പാപ്പാ വീൽചെയറാണ് ഉപയോഗിക്കുന്നത്. ജൂലൈ 2 മുതൽ 5 വരെ തീയതികളിൽ കോംഗോയിലെ കിൻഷാസ, ഗോമ നഗരങ്ങളിലും ജൂലൈ 5 മുതൽ 7 വരെ ദക്ഷിണ സുഡാനിന്റെ തലസ്ഥാനമായ ജൂബയിലും സന്ദർശനം നടത്താൻ ഫ്രാൻസിസ് മാർപാപ്പ തീരുമാനിച്ചിരുന്നു.

“ഇപ്പോൾ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെയും ദക്ഷിണ സുഡാനിലെയും ജനങ്ങളെയും അധികാരികളെയും അഭിസംബോധന ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. പ്രിയ സുഹൃത്തുക്കളെ, എന്റെ കാലിലെ പ്രശ്‌നങ്ങൾ കാരണം ജൂലൈ ആദ്യ ദിവസങ്ങളിൽ നടത്താനിരുന്ന എന്റെ സന്ദർശനം എനിക്ക് മാറ്റിവയ്ക്കേണ്ടിവന്നു. ഈ യാത്ര മാറ്റിവയ്ക്കേണ്ടി വന്നതിൽ എനിക്ക് അതിയായ ഖേദമുണ്ട്. യാത്ര മാറ്റിവയ്ക്കേണ്ടി വന്നതിൽ ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുന്നു” – പാപ്പാ പറഞ്ഞു.

ജൂലൈ 24 മുതൽ 29 വരെ തീയതികളിൽ ഫ്രാൻസിസ് മാർപാപ്പ കാനഡ സന്ദർശിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.