അർജന്റീനിയൻ കർദിനാൾ പിറോണിയോയുടെ നാമത്തിലുള്ള അത്ഭുതം അംഗീകരിച്ച് മാർപാപ്പ

1998 -ൽ മരണമടഞ്ഞ അർജന്റീനിയൻ കർദിനാൾ എഡ്വാർഡോ പിറോണിയോയുടെ മധ്യസ്ഥതയിലുള്ള അത്ഭുതത്തിന് അംഗീകാരം നൽകി ഫ്രാൻസിസ് മാർപാപ്പ. അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോം ബാധിച്ചിരുന്ന കുട്ടിയുടെ രോഗശാന്തിയാണ് നവംബർ എട്ടിന് മാർപാപ്പ അംഗീകരിച്ച ഈ അത്ഭുതം.

കർദിനാൾ പിറോണിയോയുടെ നാമത്തിൽ സുഖംപ്രാപിച്ച ജുവാൻ മാനുവൽ ഫ്രാങ്കോ, 2006 -ൽ 15 മാസം പ്രായമുള്ളപ്പോഴാണ്, സ്വന്തം അമ്മ പുനരുദ്ധാരണപ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചിരുന്ന വിഷലിപ്തമായ ഗ്ലിറ്റർ പൗഡർ കഴിച്ചതിനെയും ശ്വസിച്ചതിനെയും തുടർന്ന് രോഗബാധിതനായത്. ജുവാൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ, കർദിനാൾ പിറോണിയോയുടെ മാധ്യസ്ഥ്യം അപേക്ഷിച്ച് മാതാപിതാക്കൾ പ്രാർഥിക്കുകയും ജുവാന്റെ ആരോഗ്യനില മെച്ചപ്പെടുകയും ചെയ്തു. കുട്ടിയുടെ രോഗശാന്തി വളരെ പെട്ടെന്നും ശാസ്ത്രീയമായി വിശദീകരിക്കാനാവാത്തവിധം പൂർണ്ണമായും സൗഖ്യംനേടിയിരിക്കുന്നുവെന്നും വത്തിക്കാൻ മെഡിക്കൽ ബോർഡ് കണ്ടെത്തി.

1920 ഡിസംബർ മൂന്നിന് വടക്കുകിഴക്കൻ അർജന്റീനയിലെ ന്യൂവെ ഡി ജൂലിയോ പട്ടണത്തിലാണ് പിറോണിയോ ജനിച്ചത്. 18 -ാം വയസ്സിൽ സെമിനാരിയിൽ പ്രവേശിച്ച് പുരോഹിതനായി. 44 -ാം വയസ്സിലാണ് ലാ പ്ലാറ്റയിലെ സഹായമെത്രാനായി പിറോണിയോ നിയമിതാനാകുന്നത്. പിന്നീട് 1920-1998 കാലയളവിൽ അർജന്റീനയിൽ ബിഷപ്പായി സേവനംചെയ്തിരുന്നു. അർജന്റീനയിൽ താമസിച്ചിരുന്നപ്പോൾ, അന്ന് ജോർജ് മരിയോ ബെർഗോളിയോ ആയിരുന്ന ഇന്നത്തെ ഫ്രാൻസിസ് മാർപാപ്പയുമായി നല്ല ബന്ധം അദ്ദേഹം പുലർത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.