
വത്തിക്കാൻ സിറ്റി സ്റ്റേറ്റിനുള്ളിൽ വത്തിക്കാൻ അപ്പസ്തോലിക് ആർക്കൈവിനും അപ്പസ്തോലിക് ലൈബ്രറിക്കുമായി കൂടുതൽ സ്ഥലം അനുവദിച്ചുകൊണ്ട് ഒരു പുതിയ കെട്ടിടം നിർമ്മിക്കാൻ ലെയോ പതിനാലാമൻ മാർപാപ്പ ഒരു കത്തിലൂടെ നിർദേശിച്ചു. കഴിഞ്ഞ ദശകങ്ങളിൽ പരിശുദ്ധ സിംഹാസനത്തിന്റെ പുസ്തകശേഖരത്തിലും വിവിധ സ്ഥാപനങ്ങൾ നിർമ്മിക്കുന്ന രേഖകളുടെ അളവിലും വലിയ വർധനവുണ്ടായതായി മാർപാപ്പ ചൂണ്ടിക്കാണിക്കുന്നു. ഇത് ആർക്കൈവിനും ലൈബ്രറിക്കും നിലവിലുള്ള സൗകര്യങ്ങൾ അപര്യാപ്തമാക്കിയതാണ് പുതിയ കെട്ടിടമെന്ന തീരുമാനത്തിലേക്കു നയിച്ചത്.
റോം നഗരമധ്യത്തിന് മറുവശത്തുള്ള ലാറ്ററന്റെ അധീനതയിലുള്ള പ്രദേശം ഈ ആവശ്യത്തിനായി അനുയോജ്യമായ സ്ഥലമായി ഫ്രാൻസിസ് മാർപാപ്പ മുൻപ് കണ്ടെത്തിയിരുന്നു. എന്നാൽ, അടുത്ത മാസങ്ങളിൽ വത്തിക്കാൻ സിറ്റി സ്റ്റേറ്റിന്റെ അതിർത്തിക്കുള്ളിൽ തന്നെ പുതിയ സ്ഥലങ്ങൾ ലഭ്യമാക്കാൻ അവസരമൊരുങ്ങിയതായി ലെയോ മാർപാപ്പ വ്യക്തമാക്കുന്നു. പല കാരണങ്ങളാൽ മുൻപ് കണ്ടെത്തിയ സ്ഥലത്തേക്കാൾ ഇത് കൂടുതൽ അനുയോജ്യമാണ്.
പരിശുദ്ധ സിംഹാസനത്തിന്റെ ഭരണപരവും സാംസ്കാരികവുമായ ഓർമ്മകൾ സംരക്ഷിക്കുന്ന സ്ഥാപനങ്ങളുടെ പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട്, ‘ഫൊണ്ടാന ഡെൽ ഓട്ടോപാർക്കോ’ (Fontana dell’Autoparco) പ്രദേശവും അതിനോട് ചേർന്നുള്ള സ്ഥലങ്ങളും വത്തിക്കാൻ അപ്പസ്തോലിക് ആർക്കൈവിനും ലൈബ്രറിക്കുമായി മാറ്റിവയ്ക്കാൻ മാർപാപ്പ ഉത്തരവിട്ടു. ഏറ്റവും ആധുനികമായ ആർക്കിടെക്ചറൽ, സാങ്കേതികതത്ത്വങ്ങൾ പാലിച്ചും നിലവിലുള്ള നിയമങ്ങൾ അനുസരിച്ചും ഒരു പുതിയ കെട്ടിടം നിർമ്മിക്കാൻ പാപ്പ ആവശ്യപ്പെട്ടു.
ഇത് പ്രധാനമായും ആർക്കൈവിന്റെയും ലൈബ്രറിയുടെയും ആവശ്യങ്ങൾക്കായി തുല്യമായി വിഭജിക്കും. ഒരു ഭാഗം വത്തിക്കാൻ സിറ്റി സ്റ്റേറ്റിന്റെ മറ്റ് ആവശ്യങ്ങൾക്കായി മാറ്റിവയ്ക്കും. കെട്ടിടനിർമ്മാണത്തിന് ആവശ്യമായ സാമ്പത്തിക വിഭവങ്ങൾ കണ്ടെത്താനും അത് കാര്യക്ഷമമായി വിനിയോഗിക്കാനും ഒരു ‘വത്തിക്കാൻ ഇൻസ്ട്രുമെന്റൽ ഫൗണ്ടേഷൻ’ രൂപീകരിക്കാൻ മാർപാപ്പ നിർദേശിച്ചു. 2022 ഡിസംബർ അഞ്ചിലെ ‘മോട്ടു പ്രോപ്രിയോ’ നിയമങ്ങൾക്കനുസൃതമായിരിക്കും ഈ ഫൗണ്ടേഷൻ പ്രവർത്തിക്കുക.
പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതു വരെ, വത്തിക്കാൻ അപ്പസ്തോലിക് ലൈബ്രറി നിലവിൽ പൊന്തിഫിക്കൽ മേജർ റോമൻ സെമിനാരിയിൽ ഉപയോഗിച്ചുവരുന്ന സംഭരണ മുറികൾ തുടർന്നും ഉപയോഗിക്കുമെന്നും ഉത്തരവിൽ പറയുന്നു.




