
യുദ്ധമേഖലകളിലെ കുട്ടികൾക്കായുള്ള ചാരിറ്റി ഫുട്ബോൾ മത്സരത്തിന് ആശംസകളറിയിച്ച് ലെയോ പതിനാലാമൻ പാപ്പ. സമൂഹത്തിൽ ഭിന്നചിന്താഗതികളും സംഘർഷങ്ങളും നിലനിൽക്കുന്ന ഇക്കാലത്ത് കായികമത്സരങ്ങൾ ഐക്യവും ഒരുമയും വളർത്താൻ സഹായിക്കട്ടെയെന്ന് പാപ്പ ആശംസിച്ചു. ‘ഹൃദയത്തിന്റെ മത്സരം’ എന്നപേരിൽ അക്വിലയിൽ ജൂലൈ 16 നു നടക്കുന്ന ഫുട്ബോൾ മത്സരത്തിന്റെ പശ്ചാത്തലത്തിൽ നൽകിയ വീഡിയോ സന്ദേശത്തിലാണ് പാപ്പ ഇപ്രകാരം ഓർമ്മിപ്പിച്ചത്.
നമ്മുടെ സഹായം ആവശ്യമുള്ള പ്രത്യേകിച്ച്, യുദ്ധമേഖലകളിൽനിന്ന് ഇറ്റലിയിലെത്തിയ കുട്ടികൾക്കുവേണ്ടിയുള്ള കാരുണ്യപ്രവർത്തനങ്ങൾക്കായുള്ള ധനസമ്പാദനത്തിന്റെ കൂടി ഭാഗമായാണ് ഈ കായികമത്സരം നടക്കുന്നത്. പോരാട്ടത്തിന്റെയല്ല, കണ്ടുമുട്ടലിന്റെ ആശയമാണ് ഈ മത്സരം മുന്നോട്ടുവയ്ക്കുന്നതെന്ന് പാപ്പ കൂട്ടിച്ചേർത്തു.
മുറിവേറ്റ ഹൃദയങ്ങളെ ഐക്യത്തിലേക്കു നയിക്കുന്നതിനായി പരസ്പരം കണ്ടുമുട്ടുകയെന്നതാണ് ഏറ്റവും വലിയ വെല്ലുവിളിയെന്ന് പാപ്പ ഓർമ്മിപ്പിച്ചു. ദൈവത്തിന്റെ ഹൃദയത്തിൽ നാമെല്ലാവരും ഒന്നാണെന്നും ഹൃദയമാണ് ദൈവവും മറ്റു മനുഷ്യരുമായുള്ള കണ്ടുമുട്ടലിന്റെ ഇടമെന്നും പാപ്പ വെളിപ്പെടുത്തി. കായികമത്സരങ്ങൾ ശരിയായ രീതിയിൽ നടക്കുകയും അതിൽ പങ്കെടുക്കുന്നവരും അതിനെ പ്രോത്സാഹിപ്പിക്കുന്നവരും ശരിയായ രീതിയിൽ പ്രവർത്തിക്കുകയും ചെയ്യുമ്പോൾ അവ പോരാട്ടമോ, മത്സരമോ അല്ല, കണ്ടുമുട്ടലിന്റെ അവസരങ്ങളായി മാറുമെന്ന് പാപ്പ ഓർമ്മിപ്പിച്ചു.




