ഇന്തോനേഷ്യൻ ഗവർണറെ വത്തിക്കാനിലേക്ക് ക്ഷണിച്ച് മാർപാപ്പ

ഇന്തോനേഷ്യൻ ഗവർണറായ റിദ്വാൻ കാമിലിനെ വത്തിക്കാനിലേക്ക് ക്ഷണിച്ച് ഫ്രാൻസിസ് മാർപാപ്പ. മെയ് 18- നാണ് മാർപാപ്പയുടെ ക്ഷണത്തെക്കുറിച്ച് ഇസ്ലാം മത വിശ്വാസിയായ ഗവർണർ ലോകത്തെ അറിയിച്ചത്.

വിവിധ മതങ്ങൾ തമ്മിലുള്ള സമാധാനപൂർണമായ ചർച്ചകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെ മാനിച്ചാണ് ഫ്രാൻസിസ് മാർപാപ്പയുടെ ഈ ക്ഷണം. മാർപാപ്പായുടെ ഈ ക്ഷണത്തിൽ തനിക്ക് വലിയ ബഹുമാനവും സന്തോഷവുമാണെന്ന് റിദ്വാൻ പറഞ്ഞു. അദ്ദേഹം ഇന്തോനേഷ്യയിലെ വെസ്റ്റ് ജാവാ പ്രൊവിൻസിന്റെ ഗവർണറാണ്. ജക്കാർത്തയിലെ വത്തിക്കാന്റെ എംബസിയായ അപ്പോസ്‌തോലിക് നൂൺഷിയേച്ചർ വഴിയാണ് ഈ ക്ഷണം വന്നതെന്ന് ബന്ദൂങ്ങിലെ ഹോളി ക്രോസ് ബിഷപ്പായ അന്റോണിയസ് സുബിയാന്റോ പറഞ്ഞു.

ഇന്തോനേഷ്യയിൽ വിവിധ മതങ്ങൾ തമ്മിലുള്ള സമാധാനപൂർണമായ ചർച്ചകൾ പ്രോത്സാഹിപ്പിക്കാൻ റിദ്വാൻ യുവ വൈദികരെ ഇംഗ്ലീഷ് സംസാരിക്കാൻ പരിശീലിപ്പിക്കുന്നുണ്ട്. 2019- ഇൽ തുടങ്ങിയ ഈ പരിപാടിയിലൂടെ ഇതിനോടകം 30 വൈദികർ ഇംഗ്ലീഷ് പരിശീലനം നേടികഴിഞ്ഞു. മുസ്‌ലിംകൾക്കിടയിലെ വളർന്നു വരുന്ന മതപരമായ അസഹിഷ്ണുത കണക്കിലെടുത്താണ് ഈ പരിപാടി തുടങ്ങിയതെന്നും ആശയവിനിമയത്തിന്റെ അഭാവമാണ് ഇതിനു കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.