ഫ്രാൻസിസ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസകോശത്തിൽ അണുബാധ കണ്ടെത്തിയതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് വത്തിക്കാൻ അറിയിച്ചു. ചികിത്സയുടെ ഭാഗമായി ഏതാനും ദിവസങ്ങൾ മാർപാപ്പക്ക് ആശുപത്രിയിൽ തുടരേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ.

ഏതാനും ദിവസങ്ങളായി ശ്വാസമെടുക്കാൻ അദ്ദേഹം പ്രയാസപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് വിദഗ്ധ ചികിത്സക്കായി പാപ്പായെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് അദ്ദേഹത്തിന്റെ വക്താവ് ബ്രുണി പ്രസ്താവനയിലൂടെ അറിയിച്ചു. പരിശോധനയിൽ 86-കാരനായ പോപ്പിന് കോവിഡില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, അനാരോഗ്യത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്നതിനാൽ വിശുദ്ധവാര തിരുക്കർമ്മങ്ങളിൽ ഫ്രാൻസിസ് മാർപാപ്പ പങ്കെടുക്കുമോ എന്നതിൽ വിശ്വാസികൾക്ക്‌ ആശങ്കയുണ്ട്. 2021-ൽ പത്തു ദിവസം ചികിത്സ നേടിയ ശേഷം ആദ്യമാണ് വീണ്ടും അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.