വിശുദ്ധനാട്ടിലെ സംഘർഷത്തിൽ കൊല്ലപ്പെട്ട നിരപരാധികളെ അനുസ്മരിച്ച് ഫ്രാൻസിസ് പാപ്പാ

ഇസ്രയേലിലെയും പലസ്തീനിലെയും നിരപരാധികളുടെ മരണത്തിൽ ദുഃഖം അറിയിച്ച് ഫ്രാൻസിസ് പാപ്പാ. വിശുദ്ധഭൂമിയെ പിന്തുണയ്ക്കുന്ന നൈറ്റ്ഹുഡിന്റെ കാത്തലിക് ഓർഡറുമായി വ്യാഴാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പാ, കൊല്ലപ്പെട്ട നിരപരാധികളെ പ്രത്യേകം അനുസ്മരിച്ചത്.

“എല്ലാവരേയും സ്നേഹിക്കാനും ക്ഷമിക്കാനും നന്മചെയ്യാനും തന്റെ മനുഷ്യത്വത്തിലൂടെ പഠിപ്പിച്ച കർത്താവ് ജീവിച്ചിരുന്ന സ്ഥലങ്ങളിൽതന്നെ ദുരന്തങ്ങൾ അരങ്ങേറുന്നതിന് ഞങ്ങൾ ദുഃഖത്തോടെ സാക്ഷ്യംവഹിക്കുന്നു. വളരെയധികം നിരപരാധികൾ ദുരിതങ്ങളാൽ കഷ്ടപ്പെടുന്നതിന് ഇടയാക്കുന്നത് നാം കാണുന്നു. ജറുസലേമിലെ മാതൃസഭയുടെ വലിയ ദുഃഖത്തിൽ ഞങ്ങൾ പങ്കുചേരുകയും സമാധാനത്തിന്റെ സമ്മാനം അഭ്യർഥിക്കുകയും ചെയ്യുന്നു” – പാപ്പാ പറഞ്ഞു.

നൈറ്റ്‌സ് ഓഫ് ഹോളി സെപൽച്ചർ സമൂഹം ഹോളി സീയുടെ സംരക്ഷണത്തിലുള്ള ഒരു സാധാരണ സ്ഥാപനമാണ്. ഈ സമൂഹം 1336 മുതലുള്ളതാണെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. ഇന്ന് ഈ ചാരിറ്റബിൾ ഗ്രൂപ്പിന് 40 രാജ്യങ്ങളിലായി ഏകദേശം 30,000 അംഗങ്ങളുണ്ട്; കൂടാതെ, വിശുദ്ധനാട്ടിലെ സഭയെ പിന്തുണയ്ക്കാൻ സമർപ്പിതവുമാണ് ഈ സംഘം. സാധാരണയായി നാലുവർഷത്തിലൊരിക്കൽ നടക്കുന്ന ലെഫ്റ്റനന്റുമാരുടെയും മജിസ്‌ട്രൽ പ്രതിനിധികളുടെയും ഗ്രാൻഡ് പ്രീയർ ബിഷപ്പുമാരുടെയും ആലോചനായോഗത്തിനിടയിലാണ് സംഘം ഫ്രാൻസിസ് മാർപാപ്പയെ കണ്ടത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.