നിങ്ങൾ ഉപേക്ഷിക്കപ്പെട്ടവരാണെന്നു കരുതുന്നുവോ? ഈശോ നിങ്ങളോടൊപ്പമുണ്ട്: ഓശാന ദിനത്തിൽ ഫ്രാൻസിസ് പാപ്പാ

നാം അനുഭവിക്കുന്ന ഏത് ദുഃഖത്തിലും പ്രയാസത്തിലും നമ്മോടൊപ്പം ആയിരിക്കാൻ യേശു തന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും വേദനയും മുറിവുകളും സ്വമേധയാ ഏറ്റെടുത്തുവെന്ന് ഓർമിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. ഓശാന ഞായറാഴ്ച നൽകിയ സന്ദേശത്തിൽ ആണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“നമ്മെ നിരാശയുടെ ഇരയാക്കാതിരിക്കാൻ, എന്നെന്നേക്കുമായി നമ്മുടെ അരികിൽ നിൽക്കാൻ വേണ്ടിയാണ് യേശു സ്വയം വിട്ടുകൊടുത്തത്. അദ്ദേഹം എനിക്കായി, നിങ്ങൾക്കായി ഇത് ചെയ്തു, കാരണം നിങ്ങളോ, ഞാനോ മറ്റാരെങ്കിലുമോ മുറിയപ്പെട്ടിരിക്കുന്നതായി തോന്നുമ്പോൾ ഒരാൾ നമുക്കായി മുറിയ്ക്കപ്പെട്ടിരിക്കുന്നത് നാം കാണുന്നു. അന്ധമായ ഇടവഴിയിൽ ഒരാളെ നഷ്ടപ്പെട്ടതായി നിങ്ങൾ കാണുമ്പോൾ, ഉപേക്ഷിക്കപ്പെട്ട അവസ്ഥയിൽ തകർന്നിരിക്കുമ്പോൾ, പല പ്രശ്ങ്ങൾക്കും ഉത്തരമില്ലാതിരിക്കുമ്പോൾ ആ മുറിവേറ്റവൻ പ്രതീക്ഷ പകരുന്നു”- പാപ്പാ സന്ദേശത്തിൽ പറഞ്ഞു.

റോമിലെ ജെമെല്ലി ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിന് ശേഷം ആണ് പാപ്പാ ഓശാന തിരുക്കർമ്മങ്ങൾക്കു നേതൃത്വം നൽകിയത്. ബ്രോങ്കൈറ്റിസ് അണുബാധയ്ക്കുള്ള ചികിത്സയ്ക്കായി മാർച്ച് 29 മുതൽ മൂന്ന് ദിവസത്തേക്ക് മാർപാപ്പ ആശുപത്രിയിൽ അഡ്മിറ്റായിരുന്നു. ഏകദേശം 60,000 പേർ മാർപ്പാപ്പയുടെ വിശുദ്ധ കുർബാനയിൽ പങ്കെടുത്തതായി വത്തിക്കാൻ അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.