ക്രിസ്തുവുമായുള്ള കണ്ടുമുട്ടൽ പങ്കുവയ്ക്കുന്നത് നമ്മുടെ ജീവിതസാഹചര്യങ്ങൾ മനോഹരമാക്കും: ഫ്രാൻസിസ് മാർപാപ്പ

ശനിയാഴ്ച ഇസ്രായേലിനെതിരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തെത്തുടർന്ന് പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സംഘർഷസാഹചര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ. ഈ പ്രത്യേക സാഹചര്യത്തിൽ എല്ലാവരും തങ്ങളുടെ ജീവിതത്തിൽ ക്രിസ്തുവിനെ കണ്ടുമുട്ടിയതിന്റെയും അനുഭവിച്ചതിന്റെയും വ്യക്തിപരമായ അനുഭവങ്ങൾ പങ്കുവയ്ക്കുന്നത് സംഘർഷത്തിനു പകരം മനോഹരമായ സമാധാന അന്തരീക്ഷം സൃഷ്ടിക്കുമെന്ന്  സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ വിശ്വാസികളോടായി പാപ്പ പറഞ്ഞു.

എമ്മാവൂസിൽ നിന്നു മടങ്ങിയെത്തിയ രണ്ട് ശിഷ്യന്മാർ മാളികമുറിയിൽ വച്ച് അപ്പസ്തോലന്മാരെ കാണുകയും ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് വിവരിക്കുകയും ചെയ്യുന്ന, വി. ലൂക്കായുടെ സുവിശേഷത്തിൽ നിന്നുള്ള ഞായറാഴ്ചത്തെ വായനയുടെ പശ്ചാത്തലത്തിലാണ് പാപ്പ ഈ ആഹ്വാനം നടത്തിയത്.

മിഡിൽ ഈസ്റ്റിനെ വലിയ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാൻ തക്ക  അപകടസാധ്യതയുള്ള അക്രമത്തിന് ആക്കം കൂട്ടുന്ന ഏതൊരു നടപടിയും നിർത്താൻ താൻ അഭ്യർഥന  നടത്തുന്നതായും മറ്റുള്ളവരുടെ നിലനിൽപ്പിന് ആരും ഭീഷണിയാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏപ്രിൽ ഒന്നിന് സിറിയയുടെ തലസ്ഥാനമായ ഡമാസ്കസിലെ ഇറാൻ എംബസിക്കു  നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിനു പ്രതികാരമായാണ് ശനിയാഴ്ച വൈകുന്നേരം ഇറാൻ ഇസ്രായേലിലെ സൈനികകേന്ദ്രങ്ങളെ ലക്ഷ്യംവച്ച് 300-ഓളം ഡ്രോണുകളും മിസൈലുകളും വിക്ഷേപിച്ചത്. ഇസ്രയേലിന്റെ  ഈ ആക്രമണത്തിൽ ഏഴുപേർ കൊല്ലപ്പെട്ടിരുന്നു.

ഇസ്രായേൽ- ഹമാസ് യുദ്ധം അനിയന്ത്രിതമായി തുടരുമ്പോൾ ഇസ്രായേലികളും പലസ്തീനികളും സുരക്ഷിതത്വത്തോടെയും സമാധാനത്തോടെയും രണ്ടു  സംസ്ഥാനങ്ങളിലായി ജീവിക്കണമെന്നും ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.