വിദേശയാത്ര നടത്തുന്ന ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ മാർപാപ്പയെന്ന ബഹുമതി നേടി ഫ്രാൻസിസ് പാപ്പ

വിദേശയാത്ര നടത്തുന്ന ഏറ്റവും പ്രായം കൂടിയ മാർപാപ്പയാണ് 86 കാരനായ ഫ്രാൻസിസ് പാപ്പ. മംഗോളിയയിലേക്കുള്ള അപ്പസ്തോലിക യാത്രയ്ക്കായൊരുങ്ങുന്ന ഫ്രാൻസിസ് പാപ്പ 2013-ൽ തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം നടത്തുന്ന 43-ാമത് അജപാലന യാത്രയാണിത്.

ശാരീരിക പരിമിതികളെ അതിജീവിച്ചുള്ള മംഗോളിയയിലേക്കുള്ള മാർപാപ്പയുടെ  അജപാലനായാത്ര ഒരു ചരിത്ര നേട്ടമാണ്. സമീപകാലത്ത് വയറിലും കാൽമുട്ടിലും നടത്തിയ ശസ്ത്രക്രിയകൾ പാപ്പയുടെ സുഗമമായ യാത്രയെ ബാധിച്ചിട്ടുണ്ടെങ്കിലും വീൽചെയർ ഉപയോഗിച്ചുകൊണ്ട് പരിമിതികളെ മറികടക്കുന്ന പാപ്പ തന്റെ ആരോഗ്യപ്രശ്നങ്ങളൊന്നും അജപാലന യാത്രയ്ക്ക് തടസ്സമല്ലെന്നു തെളിയിക്കുന്നു. ഇതിനോടകം മാർപാപ്പ ലിസ്ബണിലെ ആഗോളയുവജന സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.

ജോൺ പോൾ രണ്ടാമൻ മാർപാപ്പ 2004-ൽ തന്റെ അവസാന വിദേശയാത്ര ലൂർദിലേക്കു  നടത്തിയത് 84-ാം വയസ്സിലായിരുന്നു. 2020-ൽ പോപ്പ് എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ 93-ാം വയസ്സിൽ തന്റെ രോഗിയായ സഹോദരനെ റീജൻസ്ബർഗിൽ സന്ദർശിച്ചിരുന്നെങ്കിലും മാർപ്പാപ്പ എന്ന നിലയിൽ അദ്ദേഹത്തിന്റെ അവസാനത്തെ അജപാലന യാത്ര 2012 സെപ്റ്റംബറിൽ ലെബനനിലേക്കായിരുന്നു. അന്ന് ബെനഡിക്ട് പതിനാറാമൻ പാപ്പായ്ക്ക്  85 വയസ്സായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.