“ഇത് എനിക്ക് വലിയൊരു ആദരവാണ്, ഈ സന്ദർശനത്തിന് നന്ദി” – ഉക്രൈൻ പ്രസിഡന്റിനോട് മാർപാപ്പ

Pope Francis and Ukrainian President Volodymyr Zelenskyy shake hands after their meeting at the Vatican May 13, 2023. (CNS photo/Vatican Media)

ഉക്രൈയിൻ പ്രസിഡന്റ് വ്ലോദിമിർ സെലെൻസ്ക്കിവത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി. മെയ് 13 ന് കനത്ത സുരക്ഷയോടെ ഒരു കവചിത വാഹനത്തിലാണ് പ്രസിഡന്റ് സെലെൻസ്ക്കി വത്തിക്കാനിൽ എത്തിയത്.

ചാരനിറത്തിലുള്ള പാൻറ്സും കറുത്ത സൈനിക ജാക്കറ്റും അണിഞ്ഞെത്തിയ സെലേൻസ്ക്കിയെ പോൾ ആറാമൻ ഹാളിൽ വെച്ചാണ് മാർപാപ്പ സ്വീകരിച്ചത്.“ഇത് എനിക്ക് വലിയൊരു ആദരവാണ്. ഈ സന്ദർശനത്തിന് നന്ദി” എന്നു പറഞ്ഞുകൊണ്ടാണ് മാർപാപ്പ ഹസ്തദാനം നല്കി സ്വീകരിച്ചത്. പാപ്പായും പ്രസിഡൻറും തമ്മിലുള്ള കൂടിക്കാഴ്ച 40 മിനിറ്റോളം ദീർഘിച്ചുവെന്ന് പരിശുദ്ധ സിംഹാസനത്തിൻറെ വാർത്താവിതരണ കാര്യാലയത്തിന്റെ മേധാവി മത്തേയൊ ബ്രൂണി പത്രക്കുറിപ്പിൽ വെളിപ്പെടുത്തി.

ഉക്രൈനിൽ തുടർന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിന്റെ ഫലമായ മാനവിക-രാഷ്ട്രീയാവസ്ഥകളെക്കുറിച്ചായിരുന്നു ഇരുവരും സംസാരിച്ചത്. പാപ്പാ തന്റെ നിരന്തരമായ പ്രാർത്ഥന വാഗ്ദാനം ചെയ്തു.ഉക്രൈൻ ജനതയ്ക്കുവേണ്ടിയുളള മാനവികസേവനങ്ങൾ തുടരേണ്ടതിന്റെ ആവശ്യകതയ്ക്ക് ഇരുവരും ഊന്നൽ നല്കിയെന്നും കൂടുതൽ ദുർബ്ബലരായവർക്കും സംഘർഷത്തിനിരകളായ നിരപരാധികൾക്കും അടിയന്തിര മാനവികസഹായം നല്കേണ്ടതിൻറെ ആവശ്യകത പാപ്പാ എടുത്തുപറഞ്ഞുവെന്നും പ്രസിഡന്റ് വെളിപ്പെടുത്തി.

മാർപാപ്പ പ്രസിഡൻറ് സെലെൻസ്ക്കിയ്ക്ക് സമാധാനത്തിൻറെ പ്രതീകമായ ഒലിവുശാഖയുടെ വെങ്കലരൂപവും ഇക്കൊല്ലത്തെ സമാധാന സന്ദേശവും മാനവ സാഹോദര്യ രേഖയും ഉക്രൈയിനിലെ സമാധാനത്തെക്കുറിച്ചുള്ള ഒരു പുസ്തകവും സമ്മാനിച്ചു. പ്രസിഡൻറ് സെലെൻസ്കി പാപ്പായ്ക്ക് സമ്മാനമായി നല്കിയത് വെടിയുണ്ടയെ ചെറുക്കുന്ന ഒരു ഫലകത്തിൽ തീർത്ത ഒരു കലാസൃഷ്ടിയും, യുദ്ധവേളയിൽ കുഞ്ഞുങ്ങൾ വധിക്കപ്പെടുന്നതിനെ സംബന്ധിച്ച്, “നഷ്ടം” എന്ന ശീർഷകത്തിൽ തയ്യാറാക്കിയ ഒരു ചിത്രവും ആയിരുന്നു.

ഫ്രാൻസീസ് പാപ്പായുമായി പ്രസിഡൻറ് സെലെൻസ്കി നടത്തിയ രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്. പ്രഥമ സന്ദർശനം 2020 ഫെബ്രുവരി എട്ടിന് ആയിരുന്നു. പാപ്പായുമായുള്ള സൗഹൃദസംഭാഷണാനന്തരം പ്രസിഡൻറ് സെലെൻസ്കി വിദേശരാജ്യങ്ങളുമായും അന്താരാഷ്ടസംഘടനകളുമായുമുള്ള ബന്ധങ്ങൾക്കായുള്ള വത്തിക്കാൻ കാര്യാലയത്തിൻറെ കാര്യദർശി ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെറുമായി കൂടിക്കാഴ്ച നടത്തി. ഉക്രൈയിൻ യുദ്ധവുമായി ബന്ധപ്പെട്ട അടിയന്തിരകാര്യങ്ങളും സമാധാന സംസ്ഥാപന യത്നങ്ങൾ തുടരേണ്ടതിൻറെ ആവശ്യകതയുമായിരുന്നു ഇരുവരും പ്രാധാനമായും ചർച്ചചെയ്തത്. ഉക്രൈയിനിലെ കത്തോലിക്കാ സഭയുടെ ജീവിതത്തെയും വത്തിക്കാനും ഉക്രൈയിനും തമ്മിലുള്ള ബന്ധത്തെയും സംബന്ധിച്ച കാര്യങ്ങളും ചർച്ചാ വിഷയങ്ങളായി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.