ഇസ്രായേൽ-ഗാസ യുദ്ധത്തെക്കുറിച്ച് ഫോണിൽ ചർച്ച നടത്തി ഫ്രാൻസിസ് പാപ്പയും യു.എസ് പ്രസിഡന്റും 

“ഇസ്രായേലും ഗാസയും തമ്മിലുള്ള യുദ്ധത്തെക്കുറിച്ച് ഫോണിൽ ചർച്ച ചെയ്ത്  ഫ്രാൻസിസ് മാർപാപ്പയും യു.എസ് പ്രസിഡന്റ് ജോ ബൈഡനും. സംഘർഷങ്ങളിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള മാർഗങ്ങൾ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ഒക്ടോബർ 22 -നാണ് ഇരുപത് മിനിറ്റു നീണ്ടുനിന്ന ഫോൺ സംഭാഷണം നടന്നത്.

“യുദ്ധമേഖലകളിൽ സംഘർഷം തടയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മിഡിൽ ഈസ്റ്റിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഫ്രാൻസിസ് പാപ്പയും ജോ ബൈഡനും ചർച്ച ചെയ്തു” – വൈറ്റ് ഹൗസ് പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു. “ഇസ്രായേലിലും പാലസ്തീനിലും എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ഞാൻ വീണ്ടും ചിന്തക്കുകയാണ്. അവിടുത്തെ ഭീതിപ്പെടുത്തുന്ന അവസ്ഥയെക്കുറിച്ച് ഞാൻ ദുഃഖിതനാണ്. അവർക്കുവേണ്ടി ഞാൻ പ്രാർഥിക്കുന്നു. ദുരിതമനുഭവിക്കുന്ന എല്ലാവരോടും, ബന്ദികൾ, പരിക്കേറ്റവർ, ഇരകൾ, അവരുടെ കുടുംബങ്ങൾ എന്നിവരോടൊപ്പമുള്ള എന്റെ ആത്മീയസാന്നിധ്യം ഞാൻ അറിയിക്കുന്നു” – പാപ്പ പങ്കുവച്ചു.

ഇസ്രായേൽ പൗരന്മാർക്കെതിരെ ഹമാസ് നടത്തിയ ക്രൂരമായ ആക്രമണത്തെ ജോ ബൈഡൻ അപലപിക്കുകയും ഗാസയിലെ സാധാരണക്കാരെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംഭാഷണത്തിൽ പ്രത്യേകം പരാമർശിക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഉന്നതതല ചർച്ചകളിൽ ഏർപ്പെടുന്നതിനും യുദ്ധത്തിൽ തകർന്നുകൊണ്ടിരിക്കുന്ന ഇസ്രായേലിന് പിന്തുണ നൽകുന്നതിനുമായി ഒക്‌ടോബർ 18 ബുധനാഴ്ച ബൈഡൻ ഇസ്രായേൽ സന്ദർശിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.