പോപ്പ് ബെനഡിക്ട് പതിനാറാമൻ വിടവാങ്ങി

എമിരിറ്റസ് പോപ്പ് ബെനഡിക്റ്റ് പതിനാറാമൻ വിടവാങ്ങി. ഇന്ന് രാവിലെ പ്രാദേശിക സമയം 9.34 – നായിരുന്നു മരണം സംഭവിച്ചത്. 95 കാരനായിരുന്ന ബെനഡിക്റ്റ് പാപ്പാ വത്തിക്കാനിലെ മാത്തർ എക്ലേസിയാ ആശ്രമത്തിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.  

വി. ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ പിൻഗാമിയായി 2005 – 2013 വരെ കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായിരുന്ന ബെനഡിക്റ്റ് പതിനാറാമൻ 2013 ഫെബ്രുവരി 28-ന് വാര്‍ദ്ധക്യസഹജമായ കാരണങ്ങളാല്‍ തൽസ്ഥാനത്തു നിന്നും രാജിവച്ചിരുന്നു. കുറച്ചുകാലമായി രോഗങ്ങളാല്‍ വലഞ്ഞിരുന്ന അദ്ദേഹത്തിനായി ഫ്രാന്‍സിസ് പാപ്പ കഴിഞ്ഞ ദിവസം എല്ലാവരോടും പ്രാര്‍ത്ഥന ചോദിച്ചിരുന്നു. ആധുനിക കത്തോലിക്കാ സഭയിലെ ഏറ്റവും പ്രശസ്തരായ ദൈവശാസ്ത്രജ്ഞരിലൊരാളും മികച്ച എഴുത്തുകാരനുമായിരുന്നു ബെനഡിക്റ്റ് പതിനാറാമൻ പാപ്പ.

ജോസഫ്‌ റാറ്റ്‌സിംഗർ എന്നായിരുന്നു ബെനഡിക്റ്റ് പതിനാറാമൻ മാര്‍പാപ്പയുടെ പേര്. ജർമ്മനിയിലെ ബവേറിയയില്‍ 1927 ഏപ്രിൽ 16 അദ്ദേഹം ജനിച്ചു. 1939 -ല്‍ സെമിനാരിയില്‍ പ്രവേശിച്ച അദ്ദേഹത്തിന്റെ തിരുപ്പട്ട സ്വീകരണം 1951 – ലായിരുന്നു. 1977- ല്‍ ആർച്ച്‌ ബിഷപ്പായി നിയമിതനായ റാറ്റ്‌സിംഗർ അതേവര്‍ഷം തന്നെ കര്‍ദിനാളായി. 2005 ഏപ്രിൽ 19നു നടന്ന പേപ്പൽ കോൺക്ലേവിൽ മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടു.

ആധുനിക കാലഘട്ടത്തിലെ ഏറ്റവും പ്രഗത്ഭനും പണ്ഡിതനുമായ മാര്‍പാപ്പമാരില്‍ ഒരാളായിരുന്നു ബെനഡിക്റ്റ് പതിനാറാമൻ. സ്ഥാനത്യാഗം ചെയ്ത അദ്ദേഹം ലോകത്തിനു നല്‍കിയത് ഒരിക്കലും മറക്കാനാവാത്ത മാതൃകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.