പതിവ് തെറ്റിയില്ല; ബഹ്‌റൈനിലേക്കുള്ള അപ്പസ്‌തോലിക യാത്രക്കു മുൻപായി മാർപാപ്പ സെന്റ് മേരീസ് മേജർ ബസിലിക്കയിൽ

ബഹ്റൈനിലേക്കുള്ള അപ്പസ്തോലിക യാത്രക്കു മുന്നോടിയായി നവംബർ രണ്ടിന് ഉച്ച കഴിഞ്ഞ് സെന്റ് മേരിസ് മേജർ ബസിലിക്കയിൽ പ്രാർത്ഥനക്കായി മാർപാപ്പ എത്തി. 39-ാമത് അപ്പസ്‌തോലിക യാത്രയെ പാപ്പാ മാതാവിന്റെ സന്നിധിയിൽ സമർപ്പിച്ചു.

മരിയ സാലസ് പോപ്പുലി റൊമാനിയുടെ ഒരു ഐക്കണിനു മുന്നിൽ പരിശുദ്ധ പിതാവ് കുറച്ചു സമയം പ്രാർത്ഥനയിൽ ചെലവഴിച്ചതായി ഹോളി സീ പ്രസ് ഓഫീസ് പ്രസ്താവനയിൽ പറയുന്നു. മാർപാപ്പ ആയതിനു ശേഷം ഫ്രാൻസിസ് പാപ്പാ ഈ ബസലിക്ക സന്ദർശിക്കുന്നത് ഇത് നൂറാം തവണയാണ്. നാലു ദിവസത്തെ അപ്പസ്തോലിക സന്ദർശനത്തിനായി (നവംബർ 3 മുതൽ 6 വരെ) ഫ്രാൻസിസ് മാർപാപ്പ ഇന്ന് രാവിലെ റോമിലേക്കു പുറപ്പെടും. പ്രാദേശിക സമയം വൈകുന്നേരം 4:45 ഓടെ പാപ്പാ സെൻട്രൽ ബഹ്‌റൈൻ നഗരമായ അവാലിയിൽ എത്തും.

ബഹ്‌റൈൻ സന്ദർശന വേളയിൽ, “മനുഷ്യസഹവർത്തിത്വത്തിനായി കിഴക്കും പടിഞ്ഞാറും” എന്ന വിഷയത്തിൽ ഊന്നൽ നൽകുന്ന കോൺഫറൻസിൽ ബഹ്‌റൈൻ ഫോറം ഫോർ ഡയലോഗിനെ പരിശുദ്ധ പിതാവ് അഭിസംബോധന ചെയ്യും. മാർപാപ്പ സഖിർ റോയൽ പാലസിൽ ഹമദ് രാജാവിനെ സന്ദർശിക്കുകയും ബഹ്‌റൈനിലെ അധികാരികൾ, സിവിൽ സൊസൈറ്റി, നയതന്ത്രസേന എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും.

നവംബർ നാലിന് ബഹ്‌റൈൻ ഫോറം ഫോർ ഡയലോഗിന്റെ സമാപന സമ്മേളനത്തിൽ പരിശുദ്ധ പിതാവ് പങ്കെടുക്കും. അതിനു ശേഷം, അദ്ദേഹം അൽ-അസ്ഹറിലെ ഗ്രാൻഡ് ഇമാമുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തും. തുടർന്ന് മുസ്ലീം കൗൺസിൽ ഓഫ് എൽഡേഴ്‌സ് അംഗങ്ങളുമായി സദസ് നടത്തും. പിന്നീട് അവാലിയിലെ ഔവർ ലേഡി ഓഫ് അറേബ്യ കത്തീഡ്രലിൽ എക്യുമെനിക്കൽ യോഗവും സമാധാനപ്രാർത്ഥനയും നടത്തും.

നവംബർ അഞ്ചിന് രാവിലെ ഫ്രാൻസിസ് മാർപാപ്പ രാജ്യത്തെ കത്തോലിക്കാ വിശ്വാസികൾക്കായി ബഹ്‌റൈൻ നാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയിൽ അദ്ധ്യക്ഷത വഹിക്കും. തുടർന്ന് സേക്രഡ് ഹാർട്ട് സ്‌കൂളിൽ യുവജനങ്ങളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. നവംബർ ആറിന് രാവിലെ മനാമയിലെ സേക്രഡ് ഹാർട്ട് ചർച്ചിൽ പ്രാദേശിക ബിഷപ്പുമാർ, വൈദികർ, സമർപ്പിത വ്യക്തികൾ, സെമിനാരികൾ, അജപാലന പ്രവർത്തകർ എന്നിവരുമായുള്ള പ്രാർത്ഥനായോഗത്തോടെയാണ് മാർപാപ്പയുടെ ബഹ്റൈനിലേക്കുള്ള അപ്പസ്തോലിക സന്ദർശനം അവസാനിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.