മനുഷ്യജീവിതങ്ങളെ കച്ചവടവസ്തുവാക്കി മാറ്റുന്ന മനുഷ്യക്കടത്തിനെതിരെ മാർപാപ്പ

കുട്ടികളെയും സ്ത്രീകളെയും തൊഴിലാളികളെയും ബാധിക്കുന്ന ഒരു ഭീകരമായ യാഥാർഥ്യമാണ് മനുഷ്യക്കടത്തെന്ന് ഫ്രാൻസിസ് മാർപാപ്പ. മനുഷ്യകടത്തിനെതിരെ ഐക്യരാഷ്ട്രസഭ ആഗോളദിനമായി അനുസ്മരിക്കുന്ന ജൂലൈ 30-നാണ് മാർപാപ്പ ഇപ്രകാരം പങ്കുവച്ചത്.

പതിവുള്ള ത്രികാല ജപത്തിനുശേഷം മനുഷ്യക്കടത്തിനെതിരായ പോരാട്ടം തുടരാൻ പരിശുദ്ധ പിതാവ് വിശ്വാസികളോട് അഭ്യർഥിച്ചു. “ഇന്ന് നമ്മൾ രണ്ട് ആഗോളദിനങ്ങൾ അനുസ്മരിക്കുന്നു; ഒന്ന് സൗഹൃദ ദിനവും രണ്ടാമത്തേത് മനുഷ്യക്കടത്തിനെതിരായ ദിനവും. ആദ്യത്തേത്, ആളുകളും സംസ്കാരങ്ങളും തമ്മിലുള്ള സൗഹൃദം പ്രോത്സാഹിപ്പിക്കുമ്പോൾ രണ്ടാമത്തേത് നിരവധി ആളുകളെ ബാധിക്കുന്ന ഭയാനകമായ യാഥാർഥ്യത്തെ ചെറുക്കാൻ ശ്രമിക്കുന്നു” – സന്ദേശത്തിന്റെ ആരംഭത്തിൽ തന്നെ മാർപാപ്പ ഓർമ്മപ്പെടുത്തി. മനുഷ്യക്കടത്തുമൂലം വെറും കച്ചവടവസ്തുവാക്കി മാറ്റപ്പെടുന്ന മനുഷ്യജീവിതങ്ങളെക്കുറിച്ചുള്ള തന്റെ വേദനയും മാർപാപ്പ പങ്കുവച്ചു.

“ഇന്ന് മനുഷ്യക്കടത്തിന് ഇരകളാകുന്നവർ ഏറെയാണ്. അനേകർ മനുഷ്യത്വരഹിതമായ സാഹചര്യങ്ങളിൽ ജീവിക്കേണ്ടിവരുന്നു. സമൂഹത്തിന്റെ നിസ്സംഗതയും തിരസ്‌കാരവും അനുഭവിക്കുന്നു. ലോകത്തിൽ വിവിധ ഇടങ്ങളിൽ മനുഷ്യക്കടത്തിനെതിരെ പ്രവർത്തിക്കുന്നവരെ ദൈവം അനുഗ്രഹിക്കട്ടെ” – മാർപാപ്പ പറഞ്ഞു. അന്താരാഷ്ട്ര റിപ്പോർട്ടുകളനുസരിച്ച്, ആഗോളപ്രതിസന്ധികളും സംഘർഷങ്ങളും മനുഷ്യക്കടത്തിന്റെ അപകടസാധ്യത വർധിപ്പിക്കുന്നു. നിയമപരമായ പദവി ഇല്ലാത്തവരും ദാരിദ്ര്യത്തിൽ ജീവിക്കുന്നവരും വിവേചനങ്ങൾക്കും അക്രമങ്ങൾക്കും ഇരയാക്കപ്പെടുന്നവരുമെല്ലാമാണ് പലപ്പോഴും മനുഷ്യക്കടത്തുകാരുടെ പ്രധാനലക്ഷ്യമെന്ന് യു എൻ ചൂണ്ടിക്കാട്ടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.