
ഡിജിറ്റൽ സാങ്കേതികവിദ്യയും നിർമ്മിതബുദ്ധിയും (AI) നമ്മെ പരസ്പരം അടുപ്പിക്കുന്നുണ്ടെങ്കിലും അപകടകരമായ രീതിയിൽ അവ നമ്മെ ഒറ്റപ്പെടുത്തലിലേക്കു നയിക്കരുതെന്ന് ഓർമ്മിപ്പിച്ച് ഫ്രാൻസിസ് പാപ്പ. സിംഗപ്പൂർ സന്ദർശനത്തിലെ രണ്ടാം ദിനത്തിൽ നൽകിയ സന്ദേശത്തിലാണ് പാപ്പയുടെ ഈ ഓർമ്മപ്പെടുത്തലുള്ളത്.
പാപ്പായുടെ ഏഷ്യ – ഓഷ്യാനിയ സന്ദർശനത്തിന്റെ അവസാനഘട്ടം ഇന്നലെ സിംഗപ്പൂരിൽ ആരംഭിച്ചിരുന്നു. പ്രാദേശികസമയം രാവിലെ 9.06-ന് സിംഗപ്പൂർ പാർലമെന്റിലെത്തിയ ഫ്രാൻസിസ് പാപ്പയെ രാജ്യത്തിന്റെ പ്രസിഡന്റ് തർമൻ ഷൺമുഖരത്നം സ്വീകരിച്ചു. വിവിധ അധികാരികളെ അഭിവാദ്യം ചെയ്തശേഷം, പരിശുദ്ധ പിതാവ് ബഹുമാന പുസ്തകത്തിൽ ഒപ്പുവച്ചു. പുസ്തകത്തിൽ പാപ്പ നൽകിയ സന്ദേശം ഇപ്രകാരമായിരുന്നു: “മൂന്ന് ജ്ഞാനികളെ നയിച്ച നക്ഷത്രംപോലെ, പ്രത്യാശ പകരാൻ കഴിവുള്ള ഒരു ഐക്യസമൂഹം കെട്ടിപ്പടുക്കുന്നതിന് ജ്ഞാനത്തിന്റെ വെളിച്ചം എപ്പോഴും സിംഗപ്പൂരിനെ നയിക്കട്ടെ.”
സ്വാഗതചടങ്ങിനുശേഷം അദ്ദേഹം സിംഗപ്പൂർ പ്രസിഡന്റുമായും രാജ്യത്തിന്റെ പ്രധാനമന്ത്രി ലോറൻസ് വോങ് ഷ്യൂൻ സായ്യുമായും കൂടിക്കാഴ്ച നടത്തി. തുടർന്ന് സിംഗപ്പൂർ നാഷണൽ യൂണിവേഴ്‌സിറ്റിയിലെ യൂണിവേഴ്‌സിറ്റി കൾച്ചറൽ സെന്റർ തിയേറ്ററിലേക്കുപോയ പരിശുദ്ധ പിതാവ് അവിടെ രാവിലെ 10.30-ന് എത്തിച്ചേരുകയും രാജ്യത്തെ അധികാരികൾ, സിവിൽ സൊസൈറ്റി, നയതന്ത്രസേന എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
വളർച്ചയുടെയും പ്രതിരോധത്തിന്റെയും അനുഭവങ്ങളാണ് സിംഗപ്പൂർ പങ്കുവയ്ക്കുന്നത്. എളിയ ഉത്ഭവത്തിൽനിന്ന്, ഈ രാഷ്ട്രം ഉയർന്ന തലത്തിലുള്ള വികസനം കൈവരിച്ചു. ഇത് യുക്തിസഹമായ തീരുമാനങ്ങളുടെ ഫലമാണെന്നും യാദൃശ്ചികമല്ലെന്നും പാപ്പ പറഞ്ഞു. പൊതുപാർപ്പിട നയങ്ങളിലൂടെ പൗരന്മാരുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള സമർപ്പണത്തെയും ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസവും കാര്യക്ഷമമായ ആരോഗ്യസംവിധാനവും പാപ്പ എടുത്തുപറഞ്ഞു.