സിറിയയിൽ ഭൂകമ്പംമൂലം കഷ്ടതയനുഭവിക്കുന്നവർക്ക്‌ കൂടുതൽ സഹായവുമായി പൊന്തിഫിക്കൽ സംഘടന

ഭൂകമ്പബാധിത സിറിയയിലെ സഭയുടെ അടിസ്ഥാനസൗകര്യങ്ങൾ പുനഃസ്ഥാപിക്കുന്നതിനും പ്രാദേശിക ക്രിസ്ത്യാനികളെ പിന്തുണയ്ക്കുന്നതിനുമുള്ള രണ്ടാമത്തെ സാമ്പത്തികസഹായ പാക്കേജിന് പൊന്തിഫിക്കൽ ഫൗണ്ടേഷൻ എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ് (ACN) ഒക്ടോബർ 2 -ന് അംഗീകാരം നൽകി. തുർക്കിയിലും സിറിയയിലും ഏകദേശം 60,000 പേരുടെ മരണത്തിനിടയാക്കിയ ഭൂകമ്പം ഈ വർഷം ഫെബ്രുവരി ആറിനാണ് സംഭവിച്ചത്.

തുർക്കിയിലും സിറിയയിലുമുള്ള ഭൂകമ്പബാധിതർക്കായി 1,22,000 യു.എസ് ഡോളർ സഹായം അയയ്ക്കുന്നതിനാണ് തീരുമാനമായിരിക്കുന്നത്. അലെപ്പോ, ഹോംസ്, ലതാകിയ, ഹാമ എന്നിവയുൾപ്പെടെ ഗണ്യമായ ക്രിസ്ത്യൻ ജനസംഖ്യയുള്ള നിരവധി സിറിയൻ നഗരങ്ങളെ ഭൂചലനം രൂക്ഷമായി ബാധിച്ചിരുന്നു. ഇവയിലെല്ലാം, മനുഷ്യനഷ്ടത്തിനുപുറമെ, നിരവധി ദേവാലയങ്ങൾക്കും കേടുപാടുകൾ പറ്റിയിരുന്നു.

ഈ സഹായപാക്കേജ് “ഒമ്പതു പള്ളികളുടെയും ആശ്രമങ്ങളുടെയും രണ്ടു  സ്കൂളുകളുടെയും ഒരു കിന്റർഗാർട്ടൻ, ഒരു കമ്മ്യൂണിറ്റി സെന്റർ, ഒരു യുവജനകേന്ദ്രം എന്നിവയുടെയും അറ്റകുറ്റപ്പണികൾക്കായി വിനിയോഗിക്കുമെന്ന് സിറിയ, ലെബനൻ, ഈജിപ്ത് എന്നിവിടങ്ങളിലെ എ.സി.എൻ പ്രതിനിധി സേവ്യർ സ്റ്റീഫൻ ബിസിറ്റ്സ് വ്യക്തമാക്കി. “ഈ സാമ്പത്തികപിന്തുണ സഭയെ വീണ്ടെടുക്കാനും ഏറ്റവും ദുർബലരായവരെ സേവിക്കുന്നതു തുടരാനും പ്രതിസന്ധിയിലായ ഒരു രാജ്യത്ത് അതിന്റെ ഏറ്റവും അടിസ്ഥാനപരമായ അജപാലനപ്രവർത്തനങ്ങൾ തുടരാനും സഹായിക്കും” – ബിസിറ്റ്സ് കൂട്ടിച്ചേർത്തു.

സഹായപാക്കേജിന്റെ 62% മാത്രമേ അലപ്പോയ്ക്ക് അനുവദിക്കൂ. അതിലൂടെ അവിടെ രണ്ട് സ്‌കൂളുകളും ഒരു കെയർ സെന്ററും പുനഃസ്ഥാപിക്കും. “കുട്ടികൾക്ക് സുരക്ഷിതമായ അന്തരീക്ഷത്തിൽ വിദ്യാഭ്യാസം തുടരാനാകുമെന്ന് ആഗ്രഹിക്കുന്നു. അങ്ങനെ കൂടുതൽ സാമൂഹികവും കുടുംബപരവുമായ സ്ഥിരത ഉറപ്പുനൽകുന്നു” – വിദ്യാഭ്യാസകേന്ദ്രങ്ങളുടെ അറ്റകുറ്റപ്പണി സംബന്ധിച്ച് ഫൗണ്ടേഷൻ പ്രസ്താവിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.