ഉക്രൈനിൽ ആക്രമണം: ഓശാന ഞായറാഴ്ച പള്ളിയിൽ പോയ ഡസൻകണക്കിന് ആളുകൾ കൊല്ലപ്പെട്ടു, നിരവധിപ്പേർക്ക് പരിക്ക്

ഉക്രേനിയൻ നഗരമായ സുമിയിൽ ഓശാന ഞായർ ആഘോഷിക്കാൻ ആളുകൾ പള്ളിയിലേക്കു പോകുന്നതിനിടെ റഷ്യ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ 34 പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ വർഷം സിവിലിയന്മാർക്കു നേരെയുണ്ടായ ഏറ്റവും മോശം ആക്രമണമാണിത്.

ഞായറാഴ്ച രാവിലെ തിരക്കേറിയ നഗരമധ്യത്തിൽ രണ്ട് മിസൈലുകൾ പതിച്ചു. അതിൽ ഒരെണ്ണം യാത്രക്കാർ നിറഞ്ഞ ഒരു ബസിൽ ഇടിക്കുകയായിരുന്നു.  സംഭവസ്ഥലത്തു നിന്നുള്ള ദൃശ്യങ്ങളിൽ, തെരുവിൽ മൃതദേഹങ്ങൾ കിടക്കുന്നതും കത്തുന്ന കാറുകളും രക്തം പുരണ്ട നിലയിൽ അപകടത്തെ അതിജീവിച്ചവരെയും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവരെയും കാണാം. മരിച്ചവരിൽ രണ്ടുപേർ കുട്ടികളാണ്.

“ആക്രമണത്തിൽ മരിച്ചവരും പരിക്കേറ്റവരുമായ ഡസൻകണക്കിന് സാധാരണക്കാർ ഉണ്ട്” – ഉക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി പറഞ്ഞു. റഷ്യ മനഃപൂർവമായ ഭീകരപ്രവർത്തനം നടത്തിയെന്നും അമേരിക്കയിൽ നിന്നും യൂറോപ്പിൽ നിന്നും ലോകത്തിന്റെ മറ്റുഭാഗങ്ങളിൽ നിന്നും കർശനമായ പ്രതികരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

“ശത്രുക്കളുടെ മിസൈലുകൾ ഒരു സാധാരണ നഗരത്തിന്റെ തെരുവിലേക്കു പതിച്ചു. വീടുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കാറുകൾ എല്ലാം തകർന്ന നിലയിലാണ്. ഓശാന ഞായറാഴ്ച ആളുകൾ പള്ളിയിൽ പോകുന്ന ഒരു ദിവസമാണ്. കർത്താവിന്റെ ജറുസലേമിലേക്കുള്ള പ്രവേശനത്തിന്റെ പെരുനാൾ ആ ദിനമാണ് ആക്രമണവും ഉണ്ടായത്” – അദ്ദേഹം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. സമ്പൂർണ്ണവും നിരുപാധികവുമായ വെടിനിർത്തലിനുള്ള യു എസ് നിർദേശം ക്രെംലിൻ അവഗണിക്കുകയാണെന്ന് സെലെൻസ്‌കി കുറ്റപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.