ആയുധങ്ങൾ കൊണ്ടല്ല, ശ്രവണവും സംവാദവും സഹകരണവുംകൊണ്ട് കെട്ടിപ്പടുക്കുന്നതാണ് സമാധാനം: മാർപാപ്പ

ആയുധങ്ങൾ കൊണ്ടല്ല, ശ്രവണവും സംവാദവും സഹകരണവുംകൊണ്ട് കെട്ടിപ്പടുക്കുന്നതാണ് സമാധാനമെന്ന് ഫ്രാൻസിസ് മാർപാപ്പ. അന്തർദേശിയ സഹകരണവും സംവാദവും ലക്ഷ്യമിട്ടുകൊണ്ട് പാരീസിൽ നടക്കുന്ന സമ്മേളനത്തിൽ വത്തിക്കാൻ രാജ്യത്തിന്റെ സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ ഒപ്പുവച്ച പാപ്പായുടെ സന്ദേശത്തിലാണ് ഇക്കാര്യം  ഓർമ്മപ്പെടുത്തിയിരിക്കുന്നത്. കൂടുതൽ നീതിയുക്തവും ഐക്യവും ശാന്തതയും നിറഞ്ഞ ഒരു ലോകസൃഷ്ടിക്ക് ഈ സമ്മേളനം സംഭാവന നൽകട്ടെ എന്ന് പാപ്പാ ആശംസിച്ചു.

വർധിച്ചുവരുന്ന സായുധസംഘർഷങ്ങളുടെ മുന്നിൽ ഒന്നുംചെയ്യാൻ കഴിവില്ലാത്തവരായി കൈയുംകെട്ടി നിൽക്കേണ്ടിവരുന്ന ഏറ്റവും വേദനാജനകമായ ലോകസാഹചര്യത്തിലാണെന്നത് ഓർത്തുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്. സായുധസംഘർഷങ്ങൾ നമ്മുടെ പൊതുഭവനത്തിനുണ്ടാക്കുന്ന സഹനങ്ങളും അനീതികളും നഷ്ടങ്ങളും പലപ്പോഴും തിരിച്ചെടുക്കാൻപറ്റാത്തതാണെന്നും ഈ സമ്മേളനം പ്രത്യാശയുടെ അടയാളമാകട്ടെ എന്നും പാപ്പാ ആശംസിച്ചു. പലപ്പോഴും സ്വാർഥതാല്പര്യങ്ങളെ കുലീനമായ ഉദ്ദേശ്യങ്ങളുടെ കപടവേഷമണിയിച്ചു നടത്തുന്ന ഭീകരവാദത്തിന്റെയും യുദ്ധങ്ങളുടെയും അക്രമങ്ങളുടെയും ഇരകളായി മാറുന്ന എല്ലാവരുടെയും നിലവിളി ശ്രവിക്കുന്നതിൽ അടിസ്ഥാനമാക്കിയ സത്യസന്ധമായ സംവാദത്തിനു സഹായമാകുന്നതാകട്ടെ സമ്മേളനത്തിന്റെ തീരുമാനങ്ങളെന്ന് പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു.

“സമാധാനം കെട്ടിപ്പടുക്കുന്ന വേല ശ്രമകരവും നീണ്ടതുമാണ്. അതിന് ധൈര്യവും മൂർത്തമായ പ്രതിജ്ഞാബദ്ധതയും ആവശ്യമാണ്. ഭൂമിയിലുള്ള മനുഷ്യകുലത്തിന്റെ വർത്തമാനവും ഭാവിയും ഹൃദയത്തിൽ കരുതുന്ന സന്മനസ്സുള്ള സകലരുടേയും പ്രതിബദ്ധത ഇതിന് ആവശ്യമാണ്” – പാപ്പാ ആഹ്വാനംചെയ്തു. നീണ്ടുനിൽക്കുന്ന സമാധാനം കെട്ടിപ്പെടുക്കേണ്ടതിന് ഓരോ ദിവസവുമുള്ള പരിശ്രമം ആവശ്യമാണ്. അതിന് മനുഷ്യവ്യക്തിയുടെ അന്തസ്സ് അംഗീകരിക്കുകയും ബഹുമാനിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണം. അതിൽ അവന്റെ അടിസ്ഥാന അവകാശമായി, മറ്റെല്ലാ മനുഷ്യാവകാശങ്ങളും ഉപയോഗിക്കാനുള്ള സാഹചര്യം തീർക്കുന്നതും പരിശുദ്ധ സിംഹാസനം അംഗീകരിക്കുന്ന പ്രത്യേക മനുഷ്യാവകാശവുമായ സമാധാനത്തിനുള്ള അവകാശവും ഉൾപ്പെടുന്നു എന്നത് പാപ്പാ എടുത്തുപറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.