‘പണം നൽകുക; പരിവർത്തനം ചെയ്യുക അല്ലെങ്കിൽ പലായനം ചെയ്യുക’: നൈജറിൽ ക്രിസ്ത്യൻസമൂഹം നേരിടുന്നത് ഗുരുതര സാഹചര്യം

ഒന്നുകിൽ പണം നൽകുക. അല്ലെങ്കിൽ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യുക. ഈ രണ്ടു സാധ്യതകളും അംഗീകരിക്കാൻ കഴിയില്ലെങ്കിൽ ആ നാട്ടിൽനിന്നും പലായനം ചെയ്യുക. നൈജറിന്റെ തലസ്ഥാനമായ നിയാമിയിൽ നിന്ന് ഏകദേശം നൂറു കിലോമീറ്റർ അകലെയാണ് ഇത്തരമൊരു കാര്യം സംഭവിക്കുന്നത്. ഇവിടെ ക്രിസ്ത്യൻസമൂഹം നേരിടുന്ന ദുരവസ്ഥയാണ് ഇത്.

പതിനഞ്ചു വയസ്സിനു മുകളിൽ പ്രായമുള്ള ഓരോ പുരുഷനും, ഇവിടെ ‘കൊള്ളക്കാർ’ എന്ന് തദ്ദേശവാസികളും ‘ജിഹാദികൾ’ എന്ന് നിരീക്ഷകരും വിളിക്കുന്ന സംഘങ്ങൾക്കു നികുതി നൽകണം. നികുതി കൊടുക്കാൻ പണമില്ലെങ്കിൽ അവർ ഇസ്ലാമിനെ പരസ്യമായി അംഗീകരിച്ച് ആ മതം സ്വീകരിക്കണം. ഇതു രണ്ടും സാധിക്കില്ലെങ്കിൽ ഗ്രാമവും നിങ്ങളുടെ സ്വന്തമായതെല്ലാം തീവ്രവാദികളുടെ കൈകളിൽ ഏല്പിച്ച് നാടുവിടണം. അതല്ലെങ്കിൽ ജീവനോടെ കാണില്ല. ഇതാണ് ജിഹാദികൾ ക്രൈസ്തവസമൂഹങ്ങൾക്കു നേരെ പുലർത്തുന്ന സ്വഭാവം.

മാലി, ബുർക്കിന ഫാസോ, നൈജർ എന്നീ അതിർത്തികളിലാണ് ജിഹാദികളുടെ ആക്രമണം കൂടുതൽ. മൂന്നു രാജ്യങ്ങളും നിലവിൽ സൈനിക ഭരണകൂടങ്ങളാണ് ഭരിക്കുന്നത്, ‘അലയൻസ് ഓഫ് സഹേൽ സ്റ്റേറ്റ്സ്’ (എ.ഇ.എസ്.) എന്നപേരിൽ ഒരു പുതിയ സംവിധാനത്തിലേക്കു ലയിക്കാൻ പിന്നീട് ഇവർ തീരുമാനിച്ചു. 2018-ൽ ഫാ. പിയർലൂജി മക്കല്ലിയെ തട്ടിക്കൊണ്ടുപോയതു മുതൽ ബുർക്കിന ഫാസോയുമായുള്ള അതിർത്തിമേഖലയിലെ കർഷകരുടെ ജീവിതം വളരെയധികം ശോചനീയമായി മാറുകയായിരുന്നു. ഭീഷണികൾ, തട്ടിക്കൊണ്ടുപോകലുകൾ, ആളുകളെ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങൾ, ഉപേക്ഷിക്കപ്പെട്ടതും അടച്ചതുമായ സ്കൂളുകൾ, ഭീഷണിപ്പെടുത്തൽ, ഭയത്തിന്റേതായ അന്തരീക്ഷം എന്നിവ ഇവിടെയുള്ള ജനങ്ങളുടെ അനുദിനജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ് ഇന്ന്.

നൈജീരിയൻ സൈന്യം ഈ പ്രദേശങ്ങളിൽ ഉണ്ടെങ്കിലും ഇവരുടെ സാന്നിധ്യം മൂലം യാതൊരുവിധ സഹായവും ക്രൈസ്തവർക്കു ലഭിക്കുന്നില്ല. വർധിച്ചുവരുന്ന തീവ്രവാദി ആക്രമണങ്ങൾ, സഹായത്തിനായുള്ള തങ്ങളുടെ പരാതികളും നിലവിളികളും ബധിരചെവികളിലാണ് പതിക്കുന്നതെന്ന തിരിച്ചറിവിലേക്ക് ഇവിടെയുള്ള ജനങ്ങളെ കൊണ്ടെത്തിച്ചിരിക്കുകയാണ്. ഇവരുടെ ഏക ആശ്രയം ദൈവം മാത്രമാണ്. സായുധസംഘങ്ങളുടെ അതിക്രമങ്ങൾ ക്രിസ്ത്യാനികളെ മാത്രമല്ല, അതിർത്തിപ്രദേശങ്ങളിലെ എല്ലാ നിവാസികളെയും ബാധിക്കുന്നു. അവയ്‌ക്കെല്ലാം പൊതുവായ ഒരു സ്വഭാവമുണ്ട്. സാമ്പത്തികമായും ഭൗമരാഷ്ട്രീയമായും പ്രാധാന്യമില്ലാത്ത പാവപ്പെട്ട കർഷകരാണ് ഈ അതിർത്തികളിൽ താമസിക്കുന്നത്. അതിനാൽത്തന്നെ ഇവർ ജിഹാദികളുടെ ക്രൂരതകൾക്ക് ഇരകളാവുകയും ചെയ്യുന്നു. ഇവരെ രക്ഷിക്കാനായി ആരുമെത്തില്ല എന്ന അവസ്ഥ നിസ്സഹായരായ ഈ മനുഷ്യരെ ജിഹാദികളുടെ ക്രൂരമായ അതിക്രമങ്ങൾക്ക് ഇരകളാക്കിമാറ്റുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.