വിശുദ്ധവാരത്തിലും ക്രൈസ്തവരെ സമ്മർദ്ദത്തിലാക്കി നിക്കരാഗ്വൻ ഭരണകൂടം: വൈദികനെ പുറത്താക്കി, പരമ്പരാഗത ആചാരങ്ങൾ നിരോധിച്ചു

ഡാനിയൽ ഒർട്ടേഗയുടെയും, അദ്ദേഹത്തിന്റെ ഭാര്യയും വൈസ് പ്രസിഡന്റുമായ റൊസാരിയോ മുറില്ലോയുടെയും സ്വേച്ഛാധിപത്യ ഭരണം നിക്കരാഗ്വയിലെ കത്തോലിക്കാ സഭയെ പീഡിപ്പിക്കുന്നതിൽ നിന്നും വിട്ടുനിൽക്കുന്നില്ല. വിശുദ്ധ വാരത്തിലും ക്രൈസ്തവർക്കെതിരെ അടിച്ചമർത്തലുകൾ വർദ്ധിപ്പിക്കുകയാണ് ഒർട്ടേഗ. ഒരു വൈദികനെ വിശുദ്ധവാരത്തോട് അനുബന്ധിച്ച് രാജ്യത്തു നിന്നും പുറത്താക്കുകയും പരമ്പരാഗതമായി പിന്തുടർന്ന് വന്നിരുന്ന ആചാരങ്ങൾ നിർത്തലാക്കുകയും ചെയ്തുകൊണ്ടാണ് ഒർട്ടേഗ വലിയ ആഴ്ചയിൽ ക്രൈസ്തവരെ പ്രതിസന്ധിയിലാക്കുന്നത്.

സ്വേച്ഛാധിപത്യ ഭരണകൂടം പനാമിയൻ പുരോഹിതൻ ഫാദർ ഡൊണാസിയാനോ അലർക്കനെ വിശുദ്ധ വാരത്തിന്റെ തുടക്കത്തിൽ രാജ്യത്തു നിന്നും പുറത്താക്കി. “അവർ അദ്ദേഹത്തെ ഹോണ്ടുറാൻ അതിർത്തിയിലൂടെ കൊണ്ടുപോയി. ബിഷപ്പ് അൽവാരസിന്റെ മോചനത്തിനായി വിശുദ്ധ കുർബാനയിൽ പ്രാർത്ഥിച്ചതാണ് അദ്ദേഹത്തിന്റെ കുറ്റം” മുൻ രാഷ്ട്രീയ തടവുകാരനും അമേരിക്കയിലേക്ക് നാടുകടത്തപ്പെട്ട മുൻ പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ ഫെലിക്സ് മറാഡിയാഗ വെളിപ്പെടുത്തി.

എസ്റ്റെലി രൂപതയിലെ സാൻ ജോസ് ഡി കുസ്മാപ്പ പട്ടണത്തിലെ മേരി ഹെൽപ്പ് ഓഫ് ക്രിസ്ത്യൻ ഇടവകയിൽ സേവനം ചെയ്തിരുന്ന ഫാ. അലർക്കോണിനെ വിശുദ്ധ കുർബാന നടത്തിയതിന് ശേഷം ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇത് കൂടാതെ വിശുദ്ധ വാരത്തോട് അനുബന്ധിച്ച് നടത്തി വന്നിരുന്ന കുരിശിന്റെ വഴിക്കും മറ്റും നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.