ക്രിസ്തുമസിനു മുൻപ് നടന്ന കൂട്ടക്കൊല, തിന്മ അഴിച്ചുവിടാനുള്ള ആസൂത്രിത പദ്ധതിയുടെ ഭാഗം: നൈജീരിയൻ ബിഷപ്പ്

ഡിസംബർ 18- ന് കടുന സംസ്ഥാനത്തു നടന്ന ആക്രമണത്തിൽ നിരവധി ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. മൂന്നു ദിവസത്തിനിടെ നാല് ഗ്രാമങ്ങളിലായി 46 പേർ കൊല്ലപ്പെട്ടതായി മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ക്രിസ്തുമസിനോട് അടുത്ത ദിനങ്ങളിൽ നടന്ന ഈ കൂട്ടക്കൊലപാതകം തിന്മ ചെയ്യാനായി മനഃപ്പൂർവ്വം നടത്തിയ ഒരു പദ്ധതിയാണെന്ന് നൈജീരിയൻ ബിഷപ്പ്, യാകുബു വെളിപ്പെടുത്തി.

“ഞങ്ങൾക്ക് അറിയാവുന്നിടത്തോളം ഈ ആക്രമണങ്ങളുടെ പ്രചോദനം, തിന്മ അഴിച്ചുവിടാനും നമ്മുടെ ആളുകളെ ഭയപ്പെടുത്താനുമുള്ള ബോധപൂർവ്വമായ പദ്ധതിയാണ്. നമ്മുടെ രാജ്യത്ത് നടത്തുന്ന അക്രമപ്രവർത്തനങ്ങളെ ഞങ്ങൾ എതിർക്കുന്നതുകൊണ്ടും മതം മാറ്റാനും ഒക്കെയാണ് ഈ ആക്രമണങ്ങൾ” – ബിഷപ്പ് യാകുബു പറയുന്നു.

കടുനയിലെ കഫഞ്ചൻ കത്തോലിക്കാ രൂപതയുടെ ബിഷപ്പാണ് അദ്ദേഹം. മല്ലഗം പട്ടണത്തിലും പരിസരത്തുമായി രാത്രിയിലാണ് ആക്രമണം നടന്നത്. നൂറോളം വരുന്ന ആയുധധാരികൾ കറുത്ത വസ്ത്രം ധരിച്ച് മോട്ടോർ സൈക്കിളുകളിലും ട്രക്കുകളിലുമായി മല്ലഗമിൽ എത്തുകയായിരുന്നു.

അക്രമം കാരണം ആയിരക്കണക്കിന് താമസക്കാരെ അവരുടെ വീടുകളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചു. “ഈ ക്രിസ്തുമസ് മികച്ചതായിരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. അടുത്തിടെ നടന്ന ഈ ആക്രമണം ഞങ്ങളുടെ ആത്മാവിനെ തളർത്തി. വിശ്വാസം മുറുകെപ്പിടിക്കാനും ഈ വിപത്തിന് അന്ത്യം പ്രതീക്ഷിക്കാനും ആളുകളെ പ്രചോദിപ്പിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്” – ബിഷപ്പ് പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.