നിക്കരാഗ്വ ഇപ്പോൾ ഉത്തര കൊറിയയ്ക്കു സദൃശ്യം: നിക്കരാഗ്വയിലെ മുൻ പ്രസിഡന്റ് സ്ഥാനാർഥി

സമീപകാലത്ത് നിക്കരാഗ്വയിലെ ഡാനിയൽ ഒർട്ടേഗ സ്വേച്ഛാധിപത്യം ജെസ്യൂട്ടുകൾക്കെതിരായി നടത്തിയ ആക്രമണങ്ങൾ ഉത്തര കൊറിയയിലെ സ്വേച്ഛാധിപത്യരീതികളോട് സാദൃശ്യം പുലർത്തുന്നതാണെന്ന് മുൻ പ്രസിഡന്റ് സ്ഥാനാർഥിയും രാഷ്ട്രീയത്തടവുകാരനുമായ ഫെലിക്സ് മറഡിയാഗ അപലപിച്ചു. 2007 മുതൽ അധികാരത്തിലിരിക്കുന്ന ഡാനിയൽ ഒർട്ടേഗ ഭരണകൂടത്തിന്റെ അനീതികളെ മുൻനിർത്തിയാണ് മറഡിയാഗ ഈ പ്രസ്താവന പുറത്തുവിട്ടത്.

ആഗസ്റ്റ് 19-ന് ഒർട്ടേഗ ഭരണകൂടം നിക്കരാഗ്വയിലെ സെൻട്രൽ അമേരിക്കൻ യൂണിവേഴ്സിറ്റിയുടെ ആസ്തികൾ കണ്ടുകെട്ടുകയും പഠനകേന്ദ്രത്തിനുസമീപം താമസിച്ചിരുന്ന കമ്മ്യൂണിറ്റിയിൽ നിന്ന് ആറു ജെസ്യൂട്ടുകളെ പുറത്താക്കുകയും ചെയ്തിരുന്നു. കണ്ടുകെട്ടിയ സ്വത്തിന്റെ അവകാശികൾ തങ്ങളാണെന്ന് രേഖകൾസഹിതം തെളിയിച്ചിട്ടും ഭരണകൂടം സർവകലാശാലയെ ‘ഭീകരതയുടെ കേന്ദ്രം’ എന്ന് ആരോപിച്ചുകൊണ്ടാണ് ജെസ്യൂട്ടുകളെ ഭവനരഹിതരാക്കിയത്.

“അടിച്ചമർത്തലിനേക്കാൾ മനുഷ്യത്വരഹിതമായ കുറ്റകൃത്യങ്ങളുടെയും മനുഷ്യാവകാശലംഘനങ്ങളുടെയും പരമ്പരയാണ് ഒർട്ടേഗ ഭരണകൂടം തുടരുന്നത്” – ഫെലിക്സ് മറഡിയാഗ പറഞ്ഞു. ഏകദേശം 400-ഓളം ആളുകൾക്ക് ഈ ഏകാധിപത്യഭരണത്തിൽ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. കൂടാതെ, 2018 മുതൽ 26-ലധികം സർവകലാശാലകൾ അടച്ചുപൂട്ടുകയും 7,00,000-ഓളം നിക്കരാഗ്വക്കാർ നാടുകടത്തപ്പെടുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.