വത്തിക്കാനുമായുള്ള കരാറിനുശേഷം 12 വൈദികരെ മോചിപ്പിച്ചതായി നിക്കരാഗ്വ

ഭരണകൂടം തടവിലാക്കിയ 12 വൈദികരെ മോചിപ്പിച്ച് വത്തിക്കാനിലേക്ക് അയച്ചതായി നിക്കരാഗ്വൻ ഏകാധിപത്യം. കത്തോലിക്കാ സഭയുടെ അധികാരികളുമായി ധാരണയിലെത്തിയതിനുശേഷമാണ് തങ്ങൾ വൈദികരെ മോചിപ്പിച്ചതെന്നും ഒർട്ടേഗ ഭരണകൂടം വെളിപ്പെടുത്തി. വിട്ടയച്ചവരിൽ മതഗൽപ്പ രൂപതയുടെ ബിഷപ്പ് റൊളാൻഡോ അൽവാരസ് ഉൾപ്പെട്ടിട്ടില്ല.

പരിശുദ്ധ സിംഹാസനവുമായുള്ള ഫലപ്രദമായ സംഭാഷണങ്ങൾക്കുശേഷം 12 വൈദികരുടെ മോചനം നടന്നതായി ഒക്‌ടോബർ 18 -നു പ്രസിദ്ധീകരിച്ച പത്രക്കുറിപ്പിൽ ഒർട്ടേഗ ഭരണകൂടം പ്രഖ്യാപിച്ചു. വൈദികർ വത്തിക്കാനിലേക്കു പോകുകയും അന്ന് ഉച്ചകഴിഞ്ഞ് ഇറ്റലിയിലെ റോമിലേക്ക് യാത്രചെയ്യുകയും ചെയ്തു എന്നും പത്രക്കുറിപ്പിൽ വെളിപ്പെടുത്തുന്നു. നിക്കരാഗ്വയിലെയും വത്തിക്കാനിലെയും കത്തോലിക്കാ സഭയുടെ ഉന്നതാധികാരികളുടെ മധ്യസ്ഥതയോടെയാണ് കരാറിലെത്തിയതെന്നും വത്തിക്കാന്റെ സംസ്ഥാന സെക്രട്ടേറിയേറ്റിലെ ഉദ്യോഗസ്ഥർ അവരെ സ്വീകരിക്കുമെന്നും പ്രസ്താവനയിൽ സർക്കാർ പറഞ്ഞു.

വൈദികരെ സ്വീകരിക്കാൻ പരിശുദ്ധ സിംഹാസനത്തോട് ആവശ്യപ്പെട്ടതായി വത്തിക്കാനിലെ കമ്മ്യൂണിക്കേഷൻസ് ഓഫീസ് വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു പ്രസ്താവന പുറത്തിറക്കി. “അടുത്തിടെ ജയിലിൽനിന്നു മോചിതരായ, നിക്കരാഗ്വയിൽനിന്നുള്ള 12 വൈദികരെ സ്വീകരിക്കാൻ പരിശുദ്ധ സിംഹാസനത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എനിക്ക് സ്ഥിരീകരിക്കാൻ കഴിയും; പരിശുദ്ധ സിംഹാസനവും അത് സമ്മതിച്ചു. ഉച്ചകഴിഞ്ഞ് സ്റ്റേറ്റ് സെക്രട്ടേറിയറ്റിലെ ഒരു ഉദ്യോഗസ്ഥൻ അവരെ സ്വീകരിക്കുകയും റോം രൂപതയിലെ ചില സൗകര്യങ്ങളിൽ പാർപ്പിക്കുകയും ചെയ്യും” – റോമൻ കൂരിയയുടെ വത്തിക്കാൻ പ്രസ്സ് ഓഫീസ് ഡയറക്ടർ മത്തിയോ ബ്രൂണി പ്രസ്താവനയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.