അമേരിക്കൻ സംഘടനയുടെ പുരസ്കാരം ഏറ്റുവാങ്ങി നിക്കരാഗ്വ സഹായമെത്രാൻ

അമേരിക്കൻ സംഘടനയായ നാഷണൽ എൻഡോവ്‌മെന്റ് ഫോർ ഡെമോക്രസി (NED) യുടെ പുരസ്കാരം ഏറ്റുവാങ്ങി നിക്കരാഗ്വ സഹായമെത്രാൻ ബിഷപ്പ് സിൽവിയോ ബെയ്‌സിൻ. നവംബർ 14 -ന് അമേരിക്കൻ തലസ്ഥാന നഗരമായ വാഷിംഗ്ടൺ ഡിസിയിൽ വച്ചായിരുന്നു പുരസ്കാരം സ്വീകരിച്ചത്.

“എതിർത്തുനിൽക്കുകയും സ്ഥിരോത്സാഹത്തോടെ പ്രവർത്തിക്കുകയുംചെയ്യുന്ന എന്റെ ജനത്തിന്റെ ധൈര്യത്തെ ഞാൻ അനുസ്മരിക്കുന്നു. ഈ ബഹുമതിക്ക് അർഹരായ നിക്കരാഗ്വയിലെ പൗരന്മാർക്ക് ഈ പുരസ്കാരം സമർപ്പിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു” – ബിഷപ്പ് സിൽവിയോ ചടങ്ങിൽ പങ്കുവച്ചു. നിക്കരാഗ്വയിലെ ഡാനിയൽ ഒർട്ടേഗയുടെ സ്വേച്ഛാധിപത്യ ഭരണകൂടം അന്യായമായി തടവിലാക്കിയ മതാഗൽപ്പയിലെ ബിഷപ്പ് റോളാൻഡോ അൽവാരെസിന്റെ സ്വാതന്ത്ര്യത്തിനായും ബിഷപ്പ് പ്രസ്തുത ചടങ്ങിൽ അഭ്യർഥിച്ചിരുന്നു.

“നിക്കരാഗ്വ നേരിടുന്ന വെല്ലുവിളികൾ അവസാനിച്ചിട്ടില്ല. നല്ല ഭാവിക്കായുള്ള ഞങ്ങളുടെ അഭിലാഷങ്ങളെ അസാധുവാക്കാൻ നിരന്തരം ശ്രമിച്ചുകൊണ്ട് ഭരണകൂടം തുടരുന്ന അടിച്ചമർത്തൽ ഞങ്ങൾ അഭിമുഖീകരിക്കും” – ബിഷപ്പ് സിൽവിയോ പങ്കുവച്ചു. ഒർട്ടേഗ ഭരണകൂടത്തിന്റെ പീഡനം കൂടുതൽ ശക്തമായ സാഹചര്യംതന്നെയാണ് നിക്കരാഗ്വയിൽ ഇപ്പോഴും നിലവിലുള്ളത്. 2018 ഏപ്രിലിനും 2023 ആഗസ്റ്റിനുമിടയിൽ കത്തോലിക്കാ സഭയ്‌ക്കെതിരെ കുറഞ്ഞത് 667 ആക്രമണങ്ങളെങ്കിലും നടന്നിട്ടുണ്ട് എന്നാണ് നിക്കരാഗ്വൻ ഗവേഷകയും അഭിഭാഷകയുമായ മാർത്ത പട്രീഷ്യ മൊലിനയുടെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.