പോളണ്ടിൽ ജീവന്റെ സംരക്ഷണത്തിനായി അണിചേർന്ന് അരലക്ഷത്തോളം പേർ

പോളണ്ടിൽ ജീവന്റെ സംരക്ഷണം ഉറപ്പാക്കുക എന്ന ആഹ്വാനവുമായി നടന്ന മാർച്ച് ഫോർ ലൈഫിൽ അരലക്ഷത്തോളം പേർ പങ്കെടുത്തു. ഞായറാഴ്ച നടന്ന റാലിയിൽ പങ്കെടുത്തവരുടെ എണ്ണം റിപ്പോർട്ട് ചെയ്തത് മാർച്ചിന്റെ വക്താവ് ലിഡിയ സങ്കോവ്‌സ്‌ക-ഗ്രാബ്‌സുക്ക് ആണ്. ഗർഭച്ഛിദ്രം അംഗീകരിക്കാൻ ശ്രമിക്കുന്ന ചില നിയമനിർമ്മാണ നിർദേശങ്ങൾ നിയമനിർമ്മാണ സഭയിൽ ഉയർന്നുവന്നതിനെ തുടർന്നാണ് മാർച്ച് ഫോർ ലൈഫ് സംഘടിപ്പിച്ചത്.

‘പോളണ്ട് നീണാൾ വാഴട്ടെ’ എന്ന മുദ്രാവാക്യത്തിനു കീഴിലാണ് റാലി സംഘടിപ്പിക്കപ്പെട്ടത്. പല ദേശീയമാധ്യമങ്ങളിലും വലിയ പ്രാധാന്യത്തോടെ ഈ സംഭവം റിപ്പോർട്ട് ചെയ്തു എന്നതും ശ്രദ്ധേയമായിരുന്നു.

പോളണ്ട് വിശ്വാസത്തിലേക്കു വന്നതിന്റെ 1058-ാം വാർഷികത്തിലും പോളിഷ് പാർലമെന്റ് മാർച്ച് ഫോർ ലൈഫ് സംഘടിപ്പിക്കുന്നതിന് അനുമതി നൽകിയതിന്റെ അഞ്ചാം വാർഷികത്തിലുമാണ് ഈ മാർച്ച് ഫോർ ലൈഫ് നടത്തപ്പെട്ടത് എന്നതും ശ്രദ്ധേയമായിരുന്നു. “ജീവിതം ദൈവത്തിൽ നിന്നുള്ള ഒരു ദാനമാണ്. ഓരോ മനുഷ്യന്റെയും അനിഷേധ്യമായ അവകാശമാണ് ജീവിക്കുക എന്നത്. അതിനാലാണ് ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും അത് സംരക്ഷിക്കപ്പെടുകയും പിന്തുണയ്ക്കുകയും ചെയ്യേണ്ടത്” – മാർച്ചിനു മുമ്പ്, പോളിഷ് എപ്പിസ്കോപ്പൽ കോൺഫറൻസിന്റെ പ്രസിഡന്റ് വ്യക്തമാക്കി. ഏറ്റവും പ്രധാനപ്പെട്ട മൂല്യങ്ങളിൽപെടുന്ന ജീവിതത്തോടുള്ള ആദരവ് ഓരോ മനുഷ്യന്റെയും അടിസ്ഥാന കടമകളിലൊന്നാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.