മ്യാന്മർ സൈനിക ഭരണകൂടം കത്തിച്ചത് ചരിത്രപ്രധാനമായ കത്തോലിക്കാ ദേവാലയം; നിരവധി ക്രിസ്ത്യൻ ഭവനങ്ങളും നശിപ്പിക്കപ്പെട്ടു

മ്യാന്മറിലെ സൈനിക ഭരണകൂടം, സാഗിംഗ് മേഖലയിലെ ക്രിസ്ത്യൻ ഭൂരിപക്ഷ ഗ്രാമമായ ചാൻ താറിൽ സ്ഥിതിചെയ്യുന്ന ചരിത്രപ്രാധാന്യമുള്ള ഒരു കത്തോലിക്കാ ദേവാലയം കത്തിച്ചു. 2021 -ലെ സൈനിക അട്ടിമറിക്കു ശേഷം രാജ്യം ഭരിക്കുന്നത് സൈനിക ഭരണകൂടമാണ്. 1894 -ൽ പണികഴിപ്പിച്ച ഔവർ ലേഡി ഓഫ് ദി അസംപ്ഷൻ ദൈവാലയത്തിന് ജനുവരി 15, ഞായറാഴ്ചയാണ് തീയിട്ടത്. പട്ടണത്തിലെ നൂറുകണക്കിന് വീടുകളും കത്തിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്യുന്നു.

ഇടവകയിലെ കോൺവെന്റും സൈന്യം നശിപ്പിച്ചു. അവിടെ ഇപ്പോൾ അവശേഷിക്കുന്നത് പരിശുദ്ധ കന്യകാമറിയത്തിന്റെ ഒരു ഗ്രോട്ടോയും ഒരു ദിവ്യകാരുണ്യ ചാപ്പലും മാത്രമാണ്. “ശനിയാഴ്ച രാവിലെ എട്ടു മണിയോടെയാണ് അവർ എത്തിയത്. വന്നതു മുതൽ അവർ വീടുകൾ തീവച്ച് നശിപ്പിക്കാൻ തുടങ്ങി. പിന്നീട് അവർ പള്ളി കോമ്പൗണ്ടിലേക്ക് കയറി. കുറച്ചു നേരം അവിടെ ചിലവഴിച്ചതിനു ശേഷം ദേവാലയത്തിനും തീയിട്ട് അവിടെ നിന്നും പോയി” – ഒരു ഗ്രാമവാസി പറയുന്നു.

സൈന്യം എത്തുന്നതിനു മുമ്പ് രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ മണ്ടലേക്കു സമീപമുള്ള പ്രദേശങ്ങളിലേക്ക് ഗ്രാമവാസികൾ പലായനം ചെയ്തതിനാൽ മരണങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് മറ്റൊരു ഗ്രാമീണൻ വെളിപ്പെടുത്തുന്നു. “ചരിത്രപരമായ ഈ ദേവാലയം നശിപ്പിക്കപ്പെട്ടതിൽ ഞങ്ങൾക്ക് അതിയായ ദുഃഖമുണ്ട്. അതായിരുന്നു ഞങ്ങളുടെ അവസാന പ്രതീക്ഷ” – ഒരു കത്തോലിക്കൻ വേദനയോടെ പറയുന്നു.

2021 മുതൽ ചാൻ താർ ഗ്രാമം നാല് തവണ സൈനിക ഭരണകൂടത്തിന്റെ ആക്രമണത്തിന് ഇരയായി. സർക്കാരിനെതിരായ, പ്രത്യേകിച്ച് പ്രതിരോധ ഗ്രൂപ്പുകളിൽ നിന്നുള്ള എല്ലാ ചെറുത്തുനിൽപ്പുകളും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സൈന്യം വീടുകളും കെട്ടിടങ്ങളും കത്തിക്കുകയായിരുന്നു. പട്ടാളക്കാർ വീടുകൾ റെയ്ഡ് ചെയ്യുകയും കത്തിക്കുകയും ചെയ്തിരുന്നു. കത്തോലിക്കാ ദേവാലയത്തിൽ പ്രവേശിച്ച് അവിടെയിരുന്ന് മദ്യം കുടിക്കുകയും ദേവാലയം കൊള്ളയടിക്കുകയും ചെയ്യുമായിരുന്നു.

ജനുവരി 12 -ന്, കാരെൻ സംസ്ഥാനത്തെ ലെ വാ ഗ്രാമത്തിൽ സൈനിക ഭരണകൂടം ഷെല്ലാക്രമണം നടത്തി, രണ്ട് പള്ളികൾ നശിപ്പിക്കുകയും ഒരു അമ്മയെയും അവളുടെ രണ്ട് വയസുള്ള പെൺകുട്ടിയും ഉൾപ്പെടെ അഞ്ച് പേരെ കൊലപ്പെടുത്തുകയും ചെയ്തു. ഒരു ബാപ്റ്റിസ്റ്റ് ചർച്ച് പാസ്റ്ററും ഒരു കത്തോലിക്കാ ഡീക്കനും ഒരു അത്മായനും മരിച്ചു.

2021 ഫെബ്രുവരിയിലെ സൈനിക അട്ടിമറിയെ തുടർന്ന്, സർക്കാർ അനുകൂലശക്തികൾ ക്രിസ്ത്യൻ ഭൂരിപക്ഷ സംസ്ഥാനങ്ങളായ കയാ, ചിൻ, കാരെൻ, കാച്ചിൻ എന്നിവിടങ്ങളിലെ പള്ളികളും സന്യാസിനീ മഠങ്ങളും ആക്രമിച്ചു. ഡസൻ കണക്കിന് ക്രിസ്ത്യൻ പുരോഹിതരും പാസ്റ്റർമാരും അറസ്റ്റിലാവുകയും കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. കൂടാതെ 12,000 -ലധികം ആളുകൾ അറസ്റ്റിലായി. 50 കുട്ടികൾ ഉൾപ്പെടെ 1,600 -ഓളം പേർ സംഘർഷത്തിൽ കൊല്ലപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.