
സ്ത്രീകൾക്കായുള്ള നിഷ്പാദുക കർമ്മലീത്താ മൂന്നാം സഭയുടെ സ്ഥാപക മദർ ഏലീശ്വാ വാകയിലിനെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തുന്നതിന് മാർപാപ്പ അംഗീകാരം നൽകി. കേരള കത്തോലിക്കാസഭയിലെ ആദ്യത്തെ സന്യാസിനിയാണ് മദർ ഏലീശ്വാ. ദൈവദാസി മദർ ഏലീശ്വ വാകയിൽ, കേരളത്തിലെ പ്രഥമ തദ്ദേശിയ സന്യാസിനീസഭയായ നിഷ്പാദുക കർമ്മലീത്ത മൂന്നാംസഭയുടെ (TOCD) സ്ഥാപകയാണ്. ഇന്ന് ഈ സഭ തെരേസ്യ കർമ്മലീത്ത സന്യാസിനീസഭ (സി.റ്റി.സി) എന്നപേരിൽ അറിയപ്പെടുന്നു.
ധന്യയായ മദർ ഏലീശ്വായുടെ മാധ്യസ്ഥത്താൽ നടന്ന അദ്‌ഭുതം സ്ഥിരീകരിക്കുന്ന ഡിക്രി പരസ്യപ്പെടുത്താൻ ഫ്രാൻസിസ് പാപ്പ വിശുദ്ധരുടെ നാമകരണങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി പ്രീഫെക്ട് കർദിനാൾ മാർച്ചെല്ലോ സെമരാരോയ്ക്ക് അനുമതി നൽകി.
മദർ ഏലീശ്വാ വാകയിൽ
മദർ ഏലീശ്വാ 2008 മെയ് മാസം 31 ന് ദൈവദാസിയായി പ്രഖ്യാപിക്കപ്പെട്ടു. ഓച്ചന്തുരുത്ത് വൈപ്പിശേരി തറവാട്ടിലെ ക്യാപ്റ്റൻ തൊമ്മൻ-താണ്ട ദമ്പതികളുടെ എട്ടുമക്കളിൽ ആദ്യസന്താനമായി 1831 ഒക്‌ടോബർ 15-നാണ് മദർ ഏലീശ്വ ജനിച്ചത്. ചെറിയ കുട്ടിയായിരിക്കുമ്പോൾത്തന്നെ ഭക്തിയും പാവങ്ങളോട് സഹാനുഭൂതിയും ഉള്ളവളായിരുന്നു ഏലീശ്വാ. പതിനാറാം വയസിൽ കൂനമ്മാവിലെ വാകയിൽ എന്ന തറവാട്ടിലെ വറീത് എന്നൊരാളുമായി ഏലീശ്വയുടെ വിവാഹം നടന്നു. ഇവർക്ക് ഒരു പെൺകുഞ്ഞ് ജനിച്ചു. കുഞ്ഞിന് അന്ന എന്നു പേരിട്ടു. എന്നാൽ ഒന്നര വർഷത്തിനു ശേഷം വറീത് രോഗം ബാധിച്ച് കിടപ്പിലാവുകയും താമസിയാതെ മരണപ്പെടുകയും ചെയ്തു. ഒരു രണ്ടാം വിവാഹത്തിന് വിസമ്മതിച്ച ഏലീശ്വാ, ഏകാന്തതയിലും ദീർഘനേരത്തെ പ്രാർത്ഥനകളിലും വീടിനടുത്തുള്ള പാവങ്ങളെ സഹായിക്കുന്നതിലും ആശ്വാസം കണ്ടെത്തി. ജീവിതം ദൈവത്തിനും ആത്മീയതയ്ക്കുമായി ഉഴിഞ്ഞുവെയ്ക്കാൻ അവൾ ആഗ്രഹിച്ചു. ഇങ്ങനെ പത്തുവർഷം കടന്നുപോയി.
സന്യാസിനീ സമൂഹത്തിന്റെ ആരംഭം
ഏലീശ്വായുടെ ഭക്തിയിലും സേവനജീവിതത്തിലും ആകൃഷ്ടരായ മകൾ അന്നയും ഏലീശ്വായുടെ സഹോദരി ത്രേസ്യയും ഏലീശ്വായുടെ പാത പിന്തുടർന്ന് ആത്മീയജീവിതം നയിക്കാൻ ആഗ്രഹിച്ചു. ഇറ്റാലിയൻ വൈദികനായ റവ. ഫാ. ലിയോപോൾഡ് ഓ.സി.ഡി. ആയിരുന്നു അക്കാലത്ത് അവിടുത്തെ പള്ളി വികാരി. ഏലിശ്വ ഫാ. ലിയോപോൾഡിനോട് സന്യാസജീവിതം നയിക്കാനുള്ള തന്റെ ആഗ്രഹത്തെപ്പറ്റി വെളിപ്പെടുത്തുകയും അദ്ദേഹം ഈ വിഷയം അന്നത്തെ വരാപ്പുഴ മെത്രാനായിരുന്ന ബെർണ്ണാദിനേ ബാച്ചിനെല്ലിയെ അറിയിക്കുകയും ചെയ്തു. 1862-ലായിരുന്നു ഇത്.
മൂന്നുപേരെയും സന്യാസജീവിതത്തിലേയ്ക്ക് സ്വീകരിക്കാൻ സന്തുഷ്ടനായിരുന്ന മെത്രാൻ, ഏലിശ്വയുടെ പുരയിടത്തിൽ മുളകൊണ്ട് ഏതാനും മുറികളുള്ള ഒരു ചെറിയ വീട് നിർമ്മിക്കാൻ ഫാ. ലിയോപോൾഡിനോട് ആവശ്യപ്പെട്ടു. പുതുതായി രൂപം കൊടുത്ത സന്യാസിനീ സമൂഹത്തിനായി ഒരു ഭരണഘടന മെത്രാൻതന്നെ ഇറ്റലിയിലെ ജെനോവയിലുള്ള കർമ്മലീത്താ സന്യാസിനി സമൂഹത്തിൽ നിന്ന് വരുത്തിക്കുകയും കാലാനുസൃതമായി പരിഷ്കാരങ്ങൾ വരുത്തി പ്രാബല്യത്തിൽ വരുത്തുകയും ചെയ്തു.
ഇന്ത്യയിലെ സ്ത്രീകളുടെ അവകാശങ്ങൾക്കും അവരുടെ സാമൂഹിക വിമോചനത്തിനും വേണ്ടി പോരാടിയ മദർ ഏലീശ്വാ 1913 ജൂലൈ 18 ന് വരാപ്പുഴയിൽ അന്തരിച്ചു. മദർ സ്ഥാപിച്ച സ്ത്രീകൾക്കായുള്ള നിഷ്പാദുക കർമ്മലീത്താ മൂന്നാം സഭയിലെ അംഗങ്ങൾ നിലവിൽ, ആഫ്രിക്ക, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലായി 200 ലധികം ഭവനങ്ങളിലായി 1,500 സന്യാസിനിമാർ ശുശ്രൂഷ ചെയ്യുന്നു.