‘ക്രിസ്തുരാജൻ നീണാൾ വാഴട്ടെ’: ലോകത്തിന്റെ മുന്നിൽ ക്രൈസ്തവ വിശ്വാസം പ്രഖ്യാപിച്ച് മിസ് യൂണിവേഴ്സ് 2025 ഫാത്തിമ ബോഷ്

നവംബർ 24-ന് പ്യൂർട്ടോ റിക്കോയിലെ സാൻ ജുവാനിൽ നടന്ന സൗന്ദര്യമത്സരത്തിന്റെ സമാപന ചടങ്ങിൽ ‘ക്രിസ്തു രാജൻ നീണാൾ വാഴട്ടെ’ എന്ന പ്രഖ്യാപനവുമായി തന്റെ വിശ്വാസത്തിനു സാക്ഷ്യം വഹിച്ചിരിക്കുകയാണ് മെക്സിക്കോയുടെ ഫാത്തിമ ബോഷ്. മിസ് യൂണിവേഴ്സ് 2025 എന്ന നിലയിലുള്ള തന്റെ കാലാവധി പൂർത്തിയാക്കിക്കൊണ്ടുള്ള സംഭാഷണത്തിലാണ് ക്രിസ്തുരാജൻ നീണാൾ വാഴട്ടെ എന്ന സന്ദേശം ആലേഖനം ചെയ്ത വെള്ള സാഷ് അവർ ലോകത്തിനു മുന്നിൽ ഉയർത്തിക്കാട്ടിയത്.

സ്പാനിഷ് ഭാഷയിൽ “ക്രിസ്തുരാജൻ നീണാൾ വാഴട്ടെ” എന്നെഴുതിയ വെള്ള സാഷ് ഉയർത്തിപ്പിടിച്ചു നിൽക്കുന്ന ബോഷിന്റെ ചിത്രവും മറ്റ് ഫോട്ടോകളും മിസ് യൂണിവേഴ്സിന്റെയും ബോഷിന്റെയും ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിൽ പങ്കുവച്ചതോടെ അവ അതിവേഗം വൈറലായി മാറിയിരുന്നു. മെക്സിക്കൻ സംസ്ഥാനമായ ടബാസ്കോ സ്വദേശിനിയാണ് ബോഷ്. തന്റെ കത്തോലിക്കാ വിശ്വാസം ഇവർ പരസ്യമായി പ്രകടിപ്പിക്കുന്നത് ഇതാദ്യമല്ല. 2025 നവംബറിൽ തായ്‌ലൻഡിൽ വച്ച് മിസ് യൂണിവേഴ്സ് കിരീടം നേടിയ ശേഷം, തന്റെ വിജയത്തിന് ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് അവർ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച സന്ദേശവും അവസാനിച്ചത് “ക്രിസ്തുരാജൻ നീണാൾ വാഴട്ടെ” എന്ന വാക്കുകളോടെയായിരുന്നു.

ഈ വർഷത്തെ ലോക സൗന്ദര്യ മത്സരത്തിൽ മിസ് യൂണിവേഴ്സ് ആയി തിരഞ്ഞെടുക്കപ്പെട്ട ജെന്നിഫർ ബാരെറ്റോയ്ക്ക് ബോഷ് തന്റെ കിരീടം കൈമാറി. സൗന്ദര്യമത്സരത്തിന്റെ 75-ാമത് എഡിഷനിൽ മിസ് യൂണിവേഴ്സ് കിരീടം നേടുന്ന ആദ്യ അമ്മയായി ബാരെറ്റോ മാറിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.