ജയിൽ ശുശ്രൂഷ പുനഃസംഘടിപ്പിച്ച് ലെയോ പാപ്പ

കത്തോലിക്കാ സഭയുടെ ജയിൽ ശുശ്രൂഷ കൂടുതൽ കാര്യക്ഷമവും സജീവവുമാക്കുന്നതിനായി ലെയോ പതിനാലാമൻ മാർപാപ്പ പുനഃസംഘടനയ്ക്ക് തുടക്കമിട്ടു. 1950 -ൽ റോമിൽ സ്ഥാപിതമായ ‘ഇന്റർനാഷണൽ കമ്മീഷൻ ഓഫ് കാത്തലിക് പ്രിസൺ പാസ്റ്ററൽ കെയർ’ പിരിച്ചുവിട്ട് പകരം ‘പ്രിസൺ മിനിസ്ട്രി ആനിമേഷൻ സർവീസ്’ എന്ന പുതിയ സംവിധാനം രൂപീകരിച്ചു.

​ബ്യൂണസ് അയേഴ്സ് ആർച്ച്ബിഷപ്പ് ജോർജ് ഗാർഷ്യ ക്വേർവയെ അഞ്ച് വർഷത്തേക്ക് പുതിയ സർവീസിന്റെ ഏകോപനച്ചുമതല ഏൽപ്പിച്ചു. ജയിൽ ശുശ്രൂഷയിൽ വൈദഗ്ധ്യമുള്ള കുറഞ്ഞത് മൂന്ന് ഉപദേശകരെങ്കിലും അദ്ദേഹത്തെ സഹായിക്കും. കഴിഞ്ഞ ഡിസംബറിൽ പ്രിസൺ മിനിസ്ട്രി ആനിമേഷൻ സർവീസിന്റെ പൊന്തിഫിക്കൽ ഡെലിഗേറ്റായി നിയമിതനായ ഗാർഷ്യ ക്വേർവ, അർജന്റീന സന്ദർശനത്തിന്റെ അവസാന ദിവസം വില്ല ഡെവോട്ടോ ജയിലിൽ മാർപാപ്പയ്ക്കൊപ്പമുണ്ടായിരുന്നു.

​തടവുകാരെ ചേർത്തുനിർത്തുന്നത് കേവലം ഒരു ഉപശുശ്രൂഷയല്ലെന്നും സഭയുടെ സമഗ്രമായ സുവിശേഷവത്കരണ ദൗത്യത്തിന്റെ അവിഭാജ്യഘടകമാണെന്നും മാർപാപ്പ വ്യക്തമാക്കി. ജയിലുകളുടെ പ്രശ്നം സമൂഹത്തിന്റെയാകെ പ്രശ്നമാണെന്നും ദൈവസ്നേഹത്തിൽ നിന്ന് ആരും ഒഴിവാക്കപ്പെട്ടിട്ടില്ലെന്നും പാപ്പ ഓർമ്മിപ്പിച്ചു.

​സമഗ്ര മനുഷ്യവികസനത്തിനായുള്ള ഡിക്കാസ്റ്ററിയുടെ കീഴിലായിരിക്കും പുതിയ ശൃംഖല പ്രവർത്തിക്കുക. പ്രാദേശിക സഭകൾ തമ്മിലുള്ള സഹകരണം, ശുശ്രൂഷകരുടെ പരിശീലനം, ഭരണകൂടങ്ങളുമായുള്ള ആശയവിനിമയം, ജയിൽ നയങ്ങളുടെ മാനവികവത്കരണം, തടവുകാരുടെ അന്തസ്സ് സംരക്ഷിക്കൽ എന്നിവയാണ് പ്രധാന ചുമതലകൾ.

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.