മ്യാൻമറിൽ ഭൂകമ്പത്തിൽ തകർന്ന മണ്ഡലെ കത്തീഡ്രൽ പുനർനിർമ്മാണത്തിന് ശേഷം തുറന്നുകൊടുത്തു

2025 മാർച്ചിലുണ്ടായ വിനാശകരമായ ഭൂകമ്പത്തിൽ തകർന്ന മണ്ഡലെയിലെ സേക്രഡ് ഹാർട്ട് കത്തീഡ്രൽ ആഘോഷപൂർവം പുനഃപ്രതിഷ്ഠ നടത്തി വിശ്വാസികൾക്കായി തുറന്നുകൊടുത്തു. കത്തീഡ്രലിന്റെ 136-ാം വാർഷിക ദിനമായ നവംബർ 15-ന് യാങ്കൂൺ ആർച്ച്ബിഷപ്പ് കർദിനാൾ ചാൾസ് മൗങ് ബോ പുനഃപ്രതിഷ്ഠാ ദിവ്യബലിക്ക് മുഖ്യകാർമ്മികത്വം വഹിച്ചു.

നാല് ബിഷപ്പുമാർ, വൈദികർ, സന്ന്യസ്തർ, നിരവധി വിശ്വാസികൾ എന്നിവർക്കൊപ്പം മ്യാൻമറിലെ അപ്പസ്തോലിക് നുൺഷിയേച്ചറിന്റെ ചുമതല വഹിക്കുന്ന മോൺസിഞ്ഞോർ ആൻഡ്രിയ ഫെറാന്റേയും ചടങ്ങിൽ പങ്കെടുത്തു. “മുറിവേറ്റ ഹൃദയത്തിൽ നിന്ന് പുതിയ പ്രത്യാശ പിറവിയെടുത്തിരിക്കുന്നു,” മണ്ഡലെ ആർച്ച്ബിഷപ്പ് മാർക്കോ ടിൻ വിൻ വത്തിക്കാന്റെ ‘ഫിദെസ്’ (Fides) വാർത്താ ഏജൻസിയോട് പറഞ്ഞു.

കത്തീഡ്രലിന്റെ ഈ പുനർജന്മം കേവലം ഒരു വിശുദ്ധ മന്ദിരത്തിന്റെ പുനർനിർമ്മാണം മാത്രമല്ല, മറിച്ച് തന്റെ ജനത്തെ താങ്ങിനിർത്തുകയും സുഖപ്പെടുത്തുകയും നവീകരിക്കുകയും ചെയ്യുന്ന ദൈവസാന്നിധ്യത്തിന്റെ അടയാളമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഭൂകമ്പത്തിൽ കേടുപാടുകൾ സംഭവിച്ച 17 പള്ളികളിൽ മൂന്നെണ്ണം ഏതാണ്ട് പൂർണ്ണമായും തകർന്നിരുന്നു. അതിലൊന്നായിരുന്നു ഈ കത്തീഡ്രൽ. മറ്റ് രണ്ട് പള്ളികളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടെങ്കിലും ഇതിന് ഇനിയും സമയവും ഉദാരമതികളുടെ സഹായവും ആവശ്യമാണ്. ‘എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ്’ ഉൾപ്പെടെയുള്ള വിദേശ സംഘടനകളുടെ സഹായവും ലഭിക്കുന്നുണ്ട്.

അഞ്ച് വർഷത്തിലേറെയായി ആഭ്യന്തരയുദ്ധം തുടരുന്നതും സുരക്ഷിതത്വമില്ലാതെ അസ്ഥിരമായി തുടരുന്നതുമായ ഒരു മണ്ണിലാണ് ഈ കത്തീഡ്രൽ വീണ്ടും ഉയർന്നുനിൽക്കുന്നത്. കുടിയിറക്കപ്പെട്ട നിരവധി ആളുകൾ ഒരു ഗ്രാമത്തിൽ അഭയം പ്രാപിച്ചിട്ടുണ്ട്, സഭ ഇവർക്ക് തുടർന്നും പരിചരണം നൽകുന്നു. സ്കൂൾ വിദ്യാഭ്യാസം നഷ്ടപ്പെട്ട കുട്ടികൾക്കായി സന്ന്യാസിനിമാർ അനൗപചാരിക ക്ലാസുകൾ സംഘടിപ്പിച്ചിട്ടുണ്ട്.

പുനർനിർമ്മാണത്തിന് പിന്നിൽ പ്രവർത്തിച്ച എഞ്ചിനീയർമാർ, ആർക്കിടെക്റ്റുകൾ, തൊഴിലാളികൾ, സന്നദ്ധപ്രവർത്തകർ, അഭ്യുദയകാംക്ഷികൾ എന്നിവർക്ക് കർദിനാൾ നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.