
ഫ്രാൻസിസ് മാർപാപ്പയുടെ ചാക്രികലേഖനമായ Dilexit Nos ന്റെ മലയാള പരിഭാഷ ‘അവിടുന്ന് നമ്മെ സ്നേഹിച്ചു’ കെ. സി. ബി. സി. യുടെ പ്രസിഡന്റും മലങ്കര കത്തോലിക്ക സഭാ മേലധ്യക്ഷനുമായ അഭിവന്ദ്യ കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ 2024 ഡിസംബർ ഒന്നാം തീയതി പ്രകാശനം ചെയ്തു. തദവസരത്തിൽ ഓ. സി. ഡി. മലബാർ പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ റവ. ഫാ. പീറ്റർ ചക്യത്ത് ഓ. സി. ഡി., പരിഭാഷകനും കാർമൽ പബ്ലിഷ് ഹൗസിന്റെ ഡയറക്ടറുമായ ഫാ. ജെയിംസ് ആലക്കുഴിയിൽ ഓ. സി. ഡി., ഫാദർ തോമസ് കുരിശിങ്കൽ ഓ. സി. ഡി. എന്നിവർ സന്നിഹിതരായിരുന്നു.
ഫ്രാൻസിസ് മാർപാപ്പ, നാലാമത്തെ ചാക്രികലേഖനത്തിലൂടെ ഹൃദയം നഷ്ടപ്പെടുന്ന ഈ ലോകത്തിന് ഹൃദയമാകാൻ ജനങ്ങളെ ഉദ്ബോധിപ്പിക്കുന്നു. യുദ്ധങ്ങളും സാമൂഹിക-സാമ്പത്തിക അസമത്വങ്ങളും സാങ്കേതികവിദ്യയുടെ ഭീഷണിപ്പെടുത്തുന്ന വളർച്ചയും ഇന്നത്തെ ലോകത്തിന് ഹൃദയം നഷ്ടമാകാൻ കാരണമാകുന്നു. ക്രിസ്തുവിന്റെ ദൈവികവും മാനുഷികവുമായ സ്നേഹം വീണ്ടെടുക്കുന്നതിലൂടെ ഇത് പരിഹരിക്കാൻ സാധിക്കുമെന്ന് പരിശുദ്ധ പിതാവ് ഓർമിപ്പിക്കുന്നു.
ഈ സമകാലിക വെല്ലുവിളികൾക്കിടയിൽ തിരുഹൃദയഭക്തി പുനർജീവിപ്പിച്ചുകൊണ്ട്, ഹൃദയമില്ലാത്ത ഒരു സമൂഹത്തിന് തിരുഹൃദയത്തിന്റെ സ്നേഹവും ആർദ്രതയും വിശുദ്ധ ഗ്രന്ഥത്തിന്റെയും ദൈവശാസ്ത്രപഠനങ്ങളുടെയും സഭാപാരമ്പര്യങ്ങളുടെയും വിശുദ്ധരുടെ ജീവിതസാക്ഷ്യങ്ങളുടെയും വെളിച്ചത്തിൽ ഫ്രാൻസിസ് മാർപാപ്പ വരച്ചുകാട്ടുന്നു. ചുരുക്കത്തിൽ, ഈ ലോകത്തിന് ഹൃദയമാകാനും ഹൃദയമേകാനും ഫ്രാൻസിസ് മാർപാപ്പ ഓരോരുത്തരെയും ക്ഷണിക്കുന്നു.
വിശ്വാസത്തിന്റെ വെളിച്ചം (2013), അങ്ങേയ്ക്കു സ്തുതി (2015) നാം സോദരർ (2020) എന്നിവയാണ് ഫ്രാൻസിസ് മാർപാപ്പയുടെ ഇതര ചാക്രികലേഖനങ്ങൾ




