
ഇംഗ്ലണ്ടിലെ ചാൾസ് രാജാവും കാമില രാജ്ഞിയും വത്തിക്കാനിലെത്തി ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഏപ്രിൽ ഒമ്പതിന് പാപ്പയുടെ സ്വകാര്യ വസതിയിലെത്തിയാണ് വിശിഷ്ടാതിഥികൾ മാർപാപ്പയെ സന്ദർശിച്ചത്.
“ചാൾസ് രാജാവുമായും കാമില രാജ്ഞിയുമായും ഇന്ന് ഉച്ചകഴിഞ്ഞ് സ്വകാര്യ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്‌ച്ചയ്ക്കിടെ അവരുടെ വിവാഹ വാർഷികത്തോടനുബന്ധിച്ച് ആശംസകൾ നേരാനും പാപ്പയ്ക്ക് അവസരം ലഭിച്ചു. പാപ്പ വേഗം സുഖം പ്രാപിക്കട്ടെയെന്ന് രാജദമ്പതികൾ ആശംസിച്ചു.”- പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
സമീപമാസങ്ങളിൽ മാർപാപ്പയ്ക്കും ചാൾസ് രാജാവിനും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. ചാൾസ് രാജാവിന് കാൻസർ രോഗം അടുത്തിടെ സ്ഥിരീകരിച്ചിരുന്നു. റോമിലെ ജെമെല്ലി ആശുപത്രിയിൽ ഒരു മാസം ചികിത്സയിലായിരുന്ന പാപ്പ സുഖംപ്രാപിച്ചു വരുന്നു. ചാൾസിന്റെയും കാമിലയുടെയും 20-ാം വിവാഹ വാർഷികവും രാജാവിന്റെ പിതാവ് എഡിൻബർഗിലെ ഫിലിപ്പ് രാജാവിന്റെ നാലാം ചരമവാർഷികവും ആയതിനാലാണ് രാജകുടുംബത്തിന് ഏപ്രിൽ ഒമ്പതാം തിയതി വളരെ പ്രാധാന്യമുള്ള ദിവസമാണ്.
ഫെബ്രുവരിയിൽ രാജകുടുംബാംഗങ്ങൾ റോമിലേക്കുള്ള ഒരു യാത്രയ്ക്കിടെ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ബക്കിംഗ്ഹാം കൊട്ടാരം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, മാർപാപ്പയ്ക്ക് ഉണ്ടായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് വത്തിക്കാൻ സന്ദർശനം മാറ്റിവയ്ക്കുകയായിരുന്നു.