യഹൂദരും ക്രൈസ്തവരും സമാധാനത്തിനായി കൈകോർക്കണം: ഫ്രാൻസിസ് പാപ്പാ

ആഗോള യഹൂദ സമ്മേളനത്തിന്റെ പ്രതിനിധികളെ വത്തിക്കാനിൽ സ്വീകരിച്ച് ഫ്രാൻസിസ് പാപ്പാ. യുദ്ധം മാനവികതയുടെ പരാജയമാണെന്നും സമാധാനത്തിനായി ഏവരും ഒരുമിച്ചു പ്രവർത്തിക്കണമെന്നും പാപ്പാ ഏവരെയും ഉദ്‌ബോധിപ്പിച്ചു. ആഗോള യഹൂദ സമ്മേളനത്തിന്റെ – World Jewish Congress (WJC) – ഇരുനൂറോളം പ്രതിനിധികളെ വത്തിക്കാനിൽ സ്വീകരിച്ചു സംസാരിക്കവെയാണ് ലോകസമാധാനത്തിനായി ഒരുമിച്ചു പ്രവർത്തിക്കാൻ ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്തത്.

യഹൂദരും ക്രൈസ്തവരും സമാധാനത്തിനായി കൈകോർക്കണമെന്നും ശിഥിലമായ ഒരു ലോകത്ത് സഹോദര്യത്തിനായി ഇരു മതവിശ്വാസികളും ഒരുമിച്ചു പ്രവർത്തിക്കാൻ തയ്യാറാകണമെന്നും ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്തു. ഉക്രൈനിലെ യുദ്ധത്തെക്കുറിച്ച് തന്റെ പ്രഭാഷണത്തിൽ പരാമർശിച്ച പാപ്പാ, ഇതുപോലെയുള്ള യുദ്ധങ്ങൾ മാനവികതയുടെ തോൽവിയാണെന്നും ഇത് ഏവരെയും ഒരുപോലെ തങ്ങളുടെ ഭവനങ്ങളും വസ്തുവകകളും ജീവൻ തന്നെയും നഷ്ടമാക്കുന്നതിലേക്കാണ് നയിക്കുകയെന്നും ഓർമ്മിപ്പിച്ചു.

യഹൂദർക്കും ക്രൈസ്തവർക്കുമുള്ള പൊതുവായ പൈതൃകം കണക്കിലെടുത്ത് കൂടുതൽ സാഹോദര്യവും സമാധാനവും നിറഞ്ഞ ഒരു ലോകത്തിനായി പ്രവർത്തിക്കാൻ പാപ്പാ ആഹ്വാനം ചെയ്തു. രണ്ടാം വത്തിക്കാൻ കൗൺസിൽ മുതൽ ആഗോള യഹൂദസമ്മേളനമെന്ന സംഘടന പരിശുദ്ധ സിംഹാസനത്തിന്റെ യഹൂദരുമായുള്ള ബന്ധത്തിനായുള്ള കമ്മീഷനുമായി അടുത്ത ബന്ധവും സംവാദങ്ങളും തുടരുന്നുവെന്നും ഇപ്പോഴത്തെ സന്ദർശനം പരിശുദ്ധ സിംഹാസനവും യഹൂദസമൂഹങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ അടയാളമാണെന്നും ഇത് കൂടുതൽ ശക്തമാകുന്നതിന്റെ തെളിവാണെന്നും പാപ്പാ തന്റെ പ്രഭാഷണത്തിൽ പറഞ്ഞു.

ഏതാണ്ട് നൂറോളം രാജ്യങ്ങളിൽ നിന്നുള്ള യഹൂദസമൂഹങ്ങളെയാണ് ആഗോള യഹൂദസമ്മേളനം പ്രതിനിധീകരിക്കുന്നത്. 1936- ൽ സ്ഥാപിക്കപ്പെട്ട ഈ പ്രസ്ഥാനം ലോകമെമ്പാടും യഹൂദരുടെ അവകാശങ്ങൾക്കു വേണ്ടി പ്രവർത്തിച്ചുവരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.