വിവാഹവേദിയിലെ അപ്രതീക്ഷിത തീപിടിത്തത്തിൽ മരണമടഞ്ഞവർക്കായി പ്രാർഥന ആഹ്വാനം ചെയ്ത് ഇറാഖ് ആർച്ചുബിഷപ്പ്

വടക്കൻ ഇറാഖിലെ ഒരു വിവാഹവേദിയിലുണ്ടായ തീപിടിത്തത്തിൽ 100 -ലധികം ആളുകൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രാർഥന ആഹ്വാനംചെയ്ത് ഇറാഖ് ആർച്ചുബിഷപ്പ് ബാഷർ വാർഡ. സെപ്റ്റംബർ 26 -ന് നിനവെയിലെ ഖരാഖോഷിലെ വിവാഹവേദിയിൽ നടന്ന കത്തോലിക്കാ വിവാഹാഘോഷങ്ങൾക്കിടെയാണ് തീപിടിത്തമുണ്ടായത്.

“ചൊവ്വാഴ്ച വൈകിട്ട് നടന്ന ചടങ്ങിൽ നൂറിലേറെ അതിഥികൾ പങ്കെടുത്തിരുന്നു. ഖരാഖോഷിലെ വിവാഹവേദിയിൽ വധൂവരന്മാർ നൃത്തംചെയ്തുകൊണ്ടിരുന്നപ്പോൾ പടക്കം പൊട്ടിത്തെറിക്കുന്നതുപോലുള്ള വലിയ ശബ്ദത്തോടെയാണ് ദുരന്തം സംഭവിച്ചത്” – ദൃക്സാക്ഷികൾ പങ്കുവച്ചു. “വേദനിക്കുന്നവർക്ക് ആശ്വസംപകരാൻ പലരും വീടുകൾതോറും പോകുന്നുണ്ട്. ഒരുപക്ഷേ, ഇത് ശവസംസ്കാരത്തിന്റെ ആദ്യദിവസമായിരിക്കില്ല. കാരണം, ഒരുപാട് ആളുകളെ കാണാതായിട്ടുണ്ട്. അനേകം പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഭാഗികമായി പൊള്ളലേറ്റും വിഷപ്പുക ശ്വസിച്ചും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുമുണ്ട്” ആർച്ചുബിഷപ്പ് പങ്കുവച്ചു.

ഇറാഖിൽ മുഖ്യമായും മുസ്ലീങ്ങളാണെങ്കിലും, നിനവേ സമതലങ്ങളിൽ പരമ്പരാഗതമായി ക്രിസ്ത്യാനികളാണ് കൂടുതലും അധിവസിക്കുന്നത്. കൂടാതെ, 1,600 വർഷത്തിലേറെ പഴക്കമുള്ള ലോകത്തിലെ ഏറ്റവും പഴക്കംചെന്ന ക്രിസ്ത്യൻ സമൂഹങ്ങളിലൊന്നാണ് ഇവിടെയുള്ളത്. എന്നാൽ, ഇസ്ലാമിക് സ്റ്റേറ്റിലെ ഭീകരതകൾക്കിരയായി സമീപദശകങ്ങളിൽ ക്രിസ്ത്യൻ ജനസംഖ്യ ഗണ്യമായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.