
ലോകമെമ്പാടുമായി ആഭ്യന്തരമായി കുടിയിറക്കപ്പെട്ടവരുടെ (IDPs) എണ്ണം 2024 ൽ 83.4 ദശലക്ഷമായി ഉയർന്നു. ഈ റെക്കോർഡ് എണ്ണം ആറ് വർഷത്തിനുള്ളിൽ 100% ത്തിലധികം വർധനവാണ് കാണിക്കുന്നത്. മെയ് 13 ന് പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരമാണ് ഈ കണക്കുകൾ.
“സംഘർഷങ്ങളും അക്രമങ്ങളും 73.5 ദശലക്ഷം ആളുകളെയും പ്രകൃതി ദുരന്തങ്ങൾ 9.8 ദശലക്ഷം ആളുകളെയും ആഭ്യന്തരമായി കുടിയിറക്കുന്നതിലേക്ക് നയിച്ചു,” ആഗോള ആഭ്യന്തര സ്ഥാനചലന റിപ്പോർട്ടിന്റെ (GRID) ഏറ്റവും പുതിയ പതിപ്പ് കണക്കാക്കുന്നു.
ഐക്യരാഷ്ട്രസഭയുടെ അഭയാർഥി ഏജൻസിയായ UNHCR പ്രകാരം, ആഭ്യന്തരമായി കുടിയിറക്കപ്പെട്ടവർ സംഘർഷം, അക്രമം, പീഡനം, ദുരന്തങ്ങൾ എന്നിവയാൽ വീടുകൾ വിട്ടുപോകാൻ നിർബന്ധിതരായവരാണ്; എങ്കിലും അഭയാർഥികളിൽ നിന്ന് വ്യത്യസ്തമായി, അവർ സ്വന്തം രാജ്യത്തിനുള്ളിൽ തന്നെ തുടരുന്നു.
2023 ൽ ആഗോളതലത്തിൽ കുടിയിറക്കപ്പെട്ടവരുടെ ആകെ എണ്ണം 75.9 ദശലക്ഷമായിരുന്നു.
ഇന്റേണൽ ഡിസ്‌പ്ലേസ്‌മെന്റ് മോണിറ്ററിംഗ് സെന്ററും നോർവീജിയൻ അഭയാർഥി കൗൺസിലും ചേർന്ന് നടത്തിയ ഈ വർഷത്തെ റിപ്പോർട്ടിൽ, സുഡാൻ, ഗാസ, ഉക്രൈൻ തുടങ്ങിയ സ്ഥലങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധങ്ങളും ഹെലീൻ, മിൽട്ടൺ ചുഴലിക്കാറ്റുകൾ പോലുള്ള പ്രകൃതി ദുരന്തങ്ങളുമാണ് റെക്കോർഡ് എണ്ണം ആളുകൾ വീടുകൾ വിട്ടുപോകാൻ നിർബന്ധിതരാകുന്നതിന് പിന്നിലെ പ്രേരക ഘടകങ്ങളായി പട്ടികപ്പെടുത്തിയിരിക്കുന്നത്.
ലോകത്ത് ഏറ്റവും കൂടുതൽ കുടിയിറക്കപ്പെട്ടവരുടെ എണ്ണം സുഡാനിലാണ്, 11.6 ദശലക്ഷം. തൊട്ടുപിന്നാലെ സിറിയയിൽ 7.4 ദശലക്ഷം. ഗാസയിൽ, 2024 ൽ 3.2 ദശലക്ഷത്തിലധികം പേർ പലായനം ചെയ്തതായി റിപ്പോർട്ട് കണക്കാക്കുന്നു. ഉക്രൈനിൽ ഏകദേശം 3.7 ദശലക്ഷം പേർ പലായനം ചെയ്തു. ചുഴലിക്കാറ്റിനെത്തുടർന്ന് കൂട്ട കുടിയൊഴിപ്പിക്കൽ കാരണം യു എസിൽ 11 ദശലക്ഷത്തിലധികം പേരാണ് പലായനം ചെയ്തത്.
വർഷങ്ങളായി അല്ലെങ്കിൽ പതിറ്റാണ്ടുകളായി സംഘർഷങ്ങൾ തുടരുന്ന ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും യെമനിലും ഇതുവരെയില്ലാത്തത്രയും കുടിയേറ്റങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.