ലഹരി മൂലമുള്ള അതിക്രമങ്ങളാൽ വലയുന്ന ജനത്തിന് ദൈവം മാത്രമാണ് ഇനി അഭയമെന്ന് മെക്സിക്കൻ ബിഷപ്പ്

നിസ്സഹായതയും അക്രമവും നേരിടേണ്ടി വരുന്ന ജനത്തിന് ദൈവം മാത്രമാണ് ഇനി അഭയമെന്ന് മെക്സിക്കോയിലെ അപാത്സിഞ്ചർ രൂപതയുടെ മെത്രാൻ ക്രിസ്റ്റബൽ അസൻഷിയ ഗാർസിയാ. മെക്സിക്കോയിലെ വ്യവസ്ഥാപിതമായ രീതിയിലുള്ള അക്രമങ്ങളും ലഹരികടത്തുമൊക്കെയുള്ള സ്ഥലമാണ് അപാത്സിഞ്ചർ. സുരക്ഷാകാരണങ്ങളാൽ ഇവിടെ ഒരു പള്ളി അടുത്ത കാലത്ത് അടച്ചിടേണ്ടതായി വന്നിരുന്നു.

അപാത്സിഞ്ചറിൽ നിന്ന് 30 മൈൽ അകലെയുള്ള ഫെലിപ്പേ കാറില്ലോ പുരെറ്റാ നഗരത്തിലുള്ള സാൻ്റാ മരിയ ദെ ഗാഡലൂപ്പെ ഇടവകയാണ് സ്ഥിതിഗതികൾ മോശമായതിൻ്റെ പേരിൽ ഫെബ്രുവരി 28-ാം തീയതി താത്കാലികമായി അടച്ചിട്ടത്. മിഷോകേൻ സ്റ്റേറ്റിലെ ലഹരികടത്തിനും കച്ചവടത്തിനും പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. മരിജുവാനയും പോപ്പിയും കൃഷിചെയ്യുന്ന സ്ഥലങ്ങളിലൊന്നാണിത്. വളരെ പ്രധാനപ്പെട്ട ഒരു തുറമുഖവും ഇവിടെയുണ്ട്.

2023-ൽ മാത്രം 1756-ൽ അധികം കൊലപാതകങ്ങളാണ് മിഷോകെയിൽ നടന്നതെന്ന് നാഷണൽ പബ്ലിക് സേഫ്റ്റി സിസ്റ്റം എക്സിക്യൂട്ടീവ് സെക്രട്ടറിയേറ്റിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. ആളോഹരി ആക്രമങ്ങൾ കൂടുതലുള്ള ലോകത്തിലെ നഗരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച നാലു നഗരങ്ങൾ ഈ സംസ്ഥാനത്താണുള്ളത്.

അക്രമപ്രവർത്തനങ്ങളുടെ ഇടയിൽ ജീവിക്കുന്ന ജനത്തിന് ആശ്രയം ദൈവം മാത്രമാണെന്ന് മെക്സിക്കൻ ബിഷപ്പ് അസൻഷിയ ഗാർഡിയ പറയുന്നു. അടച്ചിട്ടിരുന്ന പള്ളി വീണ്ടും തുറന്നപ്പോൾ പതിവിലധികം ആളുകൾ പള്ളിയിലേക്ക് എത്തിയത് അദ്ദേഹം ചൂണ്ടികാണിച്ചു. നിസ്സഹായാവസ്ഥയിൽ ദൈവത്തിലേക്ക് തിരിയുകയല്ലാതെ വേറെ വഴികൾ മുന്നിലില്ല എന്നും ദൈവമാണ് ഏക ആശ്രയമെന്നും അദ്ദേഹം പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.