
ക്രിസ്തുവിനെ വിശ്വസ്തതയോടെ അനുഗമിക്കാനും ധൈര്യപൂർവം പ്രഘോഷിക്കാനും ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ പാപ്പ. ജൂൺ നാലിന് വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ച വേളയിലാണ് പാപ്പ ഇപ്രകാരം ആഹ്വാനം ചെയ്തത്.
പോളണ്ടിൽനിന്നുള്ള വിശ്വാസികളെ അഭിസംബോധന ചെയ്യവേ, ധൈര്യപൂർവം കർത്താവിനെ അനുഗമിച്ചുകൊണ്ട്, ക്രിസ്തു നൽകുന്ന വിളിക്ക് ഉത്തരം നൽകാൻ പാപ്പ ഉദ്‌ബോധിപ്പിച്ചു. വിശുദ്ധരും വാഴ്ത്തപ്പെട്ടവരും വിശ്വാസജീവിതത്തിൽ നമുക്ക് മാതൃകയാണെന്നും പാപ്പ ഓർമ്മിപ്പിച്ചു.
ഇറ്റാലിയൻ ഭാഷക്കാരായ തീർഥാടകരെ അഭിസംബോധന ചെയ്യവേ, തങ്ങളെത്തന്നെ ക്രിസ്തുവിന് സമർപ്പിക്കാനും, കുടുംബങ്ങളിലും തങ്ങൾ ആയിരിക്കുന്ന എല്ലായിടങ്ങളിലും അവനെ ധൈര്യപൂർവം പ്രഘോഷിക്കാനും പാപ്പ ആഹ്വാനം ചെയ്തു. ഇതാണ് സഭയിൽനിന്ന് എക്കാലവും പ്രതീക്ഷിക്കുന്നതെന്ന് പാപ്പ ഓർമ്മിപ്പിച്ചു.
മുപ്പത്തയ്യായിരത്തോളം ആളുകളാണ് ജൂൺ നാല് ബുധനാഴ്ച വത്തിക്കാനിൽ പാപ്പ അനുവദിച്ച പൊതുകൂടിക്കാഴ്ച്ചാസമ്മേളനത്തിൽ സംബന്ധിച്ചത്.




