
വിശ്വാസം വേദനയെ അതിജീവിക്കാൻ സഹായിക്കുമെന്നും നിരാശയിലേക്ക് വീഴാതെ ദൈവത്തിൽ ആശ്രയിക്കണമെന്നും അനുസ്മരിപ്പിച്ച് മാർപാപ്പ. മാർച്ച് 13 ന് നൽകിയ ത്രികാലജപ സന്ദേശത്തിലാണ് ഇക്കാര്യം പാപ്പ വ്യക്തമാക്കിയത്.
“നമ്മളെല്ലാവരും വേദന അനുഭവിക്കുന്നവരാണ്. അത് ശാരീരികമോ മാനസികമോ ആകട്ടെ, നിരാശയിൽ വീഴാതിരിക്കാനും കഠിന ദുഃഖത്തിൽ സ്വയം ഒതുങ്ങി കൂടാതിരിക്കാനും യേശുവിനെപ്പോലെ പിതാവിന്റെ കരുതലിലും കാരുണ്യത്തിലും അഭയം പ്രാപിക്കാൻ സാധിക്കണം”- മാർപാപ്പ ഓർമ്മപ്പെടുത്തി. നിസ്സഹായനും അപമാനിതനുമായ യേശു, പിതാവിന്റെ കഴുത്തിൽ തൂങ്ങിക്കിടക്കുന്ന ഒരു കുഞ്ഞിന്റെ വികാരങ്ങളോടെയും ഹൃദയത്തോടെയുമാണ് കുരിശിലേക്ക് നടന്നതെന്നും മാംസത്തിൽ ദുർബലനെങ്കിലും മരണത്തിൽ പോലും പിതാവിന്റെ കരങ്ങളിൽ ഉറങ്ങുന്ന ഒരു കുട്ടിയെപ്പോലെ, ദൈവത്തിൽ പൂർണ്ണമായി ആശ്രയിച്ചാണ് മുന്നോട്ടുപോയതതെന്നും യേശുവിന്റെ പീഡാനുഭവ മരണ ഉത്ഥാന നിമിഷങ്ങളെ അനുസ്മരിപ്പിച്ചുകൊണ്ട് മാർപാപ്പ വ്യക്തമാക്കിയിരുന്നു.
തന്റെ ആരോഗ്യത്തിനായി പ്രാർഥിച്ച വിശ്വാസികൾക്ക് മാർപാപ്പ നന്ദി പറഞ്ഞു. ശാരീരികമായ ബലഹീനതയിൽ ദൈവത്തിന്റെ സാമീപ്യവും അനുകമ്പയും കൂടുതൽ അനുഭവിക്കാൻ പ്രാർഥനകൾ സഹായിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.