
കുട്ടികൾ നേരിടുന്ന സൈബർ ഭീഷണികൾ, സെക്‌സ്റ്റിംഗ് (ലൈംഗിക ഉള്ളടക്കമുള്ള സന്ദേശങ്ങൾ അല്ലെങ്കിൽ ചിത്രങ്ങൾ), ഓൺലൈൻ വഴിയുള്ള ലൈംഗിക ചൂഷണങ്ങൾ എന്നിവ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ, അറുപതിലധികം അന്താരാഷ്ട്ര വിദഗ്ധർ വത്തിക്കാനിൽ ചർച്ച നടത്തും. വത്തിക്കാന്റെ പൊന്തിഫിക്കൽ അക്കാദമി ഓഫ് സയൻസസിന്റെ നേതൃത്വത്തിൽ മാർച്ച് 19 മുതൽ 22 വരെ ‘എ. ഐ. യുടെ അവസരങ്ങളും അപകടസാധ്യതകളും’ എന്ന വിഷയത്തെ ആധാരമാക്കി നടത്തപ്പെടുന്ന ഒത്തുചേരലിൽ ഡിജിറ്റൽ ധാർമികത, നിർമ്മിത ബുദ്ധി, കുട്ടികളുടെ സംരക്ഷണം എന്നിവ ചർച്ചാവിഷയമാക്കും.
ഡിജിറ്റൽ ഉപകരണങ്ങളും നിർമ്മിത ബുദ്ധിയുടെ ഉപയോഗവും ഇഷ്ടപ്പെടുന്ന കുട്ടികളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഈ ഉപകരണങ്ങൾ കുട്ടികളുടെ കൈകളിൽ എത്തിക്കുക എന്നത് ഒരു വലിയ ഉത്തരവാദിത്വമാണെന്നും എന്നാൽ, അവയുടെ നിയന്ത്രണം ഗവേഷകരുടെയും സാങ്കേതിക കമ്പനികളുടെയും കൈകളിൽ മാത്രം ഒതുക്കി നിർത്താൻ പാടില്ലെന്നും വത്തിക്കാനിൽ നടന്ന പരിപാടിയുടെ അവതരണ വേളയിൽ, പൊന്തിഫിക്കൽ അക്കാദമി ഓഫ് സയൻസസിന്റെ ചാൻസലർ കർദിനാൾ പീറ്റർ ടർക്ക്സൺ പങ്കുവച്ചു. ഫ്രാൻസിസ് മാർപാപ്പ ഇതിനകം തന്നെ AI-യെക്കുറിച്ച് സംസാരിച്ചിട്ടുണ്ടെന്നും വത്തിക്കാൻ, നിർമ്മിത ബുദ്ധിയുടെ ഉപയോഗത്തെയും പ്രയോഗത്തെയും കുറിച്ചുള്ള മാർഗനിർദേശങ്ങൾ നേരത്തെ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം എടുത്തു പറഞ്ഞു.
നിർമ്മിത ബുദ്ധി സോഷ്യൽ മീഡിയ ആസക്തിക്ക് കാരണമാകുമെന്നും കുട്ടികളുടെ തലച്ചോറിന്റെ വളർച്ചയെ ബാധിക്കുമെന്നും ശാസ്ത്രം തെളിയിച്ചിട്ടുണ്ടെന്ന് കാർഷിക സാമ്പത്തിക ശാസ്ത്രജ്ഞനും പൊന്തിഫിക്കൽ അക്കാദമി ഓഫ് സയൻസസിന്റെ പ്രസിഡന്റുമായ പ്രൊഫസർ ജോക്കിം വോൺ ബ്രൗൺ പങ്കുവച്ചു.