101-ാം വയസിലും പൗരോഹിത്യവിശുദ്ധിയിൽ കൊളംബിയൻ വൈദികൻ

101-ാം വയസിലും പൗരോഹിത്യവിശുദ്ധിയുടെ മാതൃകയായി മാറിയിരിക്കുകയാണ് കൊളംബിയയിൽനിന്നുള്ള ഫാ. എവെലിയോ വലെൻസിയ ഗാർസിയ. 101 വയസുള്ള ഈ വൈദികന്റെ പൗരോഹിത്യസ്വീകരണത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കാനൊരുങ്ങുകയാണ് കൊളംബിയയിലെ കത്തോലിക്കാ സഭ. 1949 ജൂൺ 11-ന് പൗരോഹിത്യം സ്വീകരിച്ച ഈ വൈദികൻ തന്റെ വിശുദ്ധമായ ജീവിതമാതൃകയിലൂടെ അനേകർക്ക്‌ ക്രിസ്തുവിലേക്കുള്ള വഴികാട്ടിയായി മാറിയിരുന്നു.

ഈ അതുല്യനിമിഷത്തിൽ മാനിസാലെസ് അതിരൂപത, ഫാ. എവെലിയോയെ അഭിനന്ദിക്കുകയും ദൈവത്തോടും സഭയോടുമുള്ള വിശ്വസ്തസാക്ഷ്യത്തിന് ദൈവത്തിനു നന്ദിപറയുകയും ചെയ്യുകയാണ്. ന്യൂസ്ട്ര സെനോറ ഡെൽ കാർമെൻ ഇടവകയിലെ മാനിസാലെസിലെ ചിഞ്ചിന, അരാൻസാസു, അഗുഡാസ്, ലാ കബാന, പ്യൂബ്ലോ റിക്കോ എന്നിവിടങ്ങളിൽ ഫാ. എവെലിയോ തന്റെ പൗരോഹിത്യശുശ്രൂഷ നിർവഹിച്ചിരുന്നു; ഒപ്പം യൂണിവേഴ്‌സിറ്റി ഇൻസ്റ്റിറ്റ്യൂട്ടിലെ ചാപ്ലിൻ, ലാ സുൽത്താനയിലെ ന്യൂസ്‌ട്രാ സെനോറ ഡി ലാ മക്കറേനയിലെ ഇടവക വികാരി, സാന്താ സോഫിയ ഹോസ്പിറ്റലിലെ ചാപ്ലിൻ, ജാർഡിൻസ് ഡി ലാ എസ്‌പെരാൻസാ ചാപ്ലിൻ എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

ഫാ. എവലിയോ വലെൻസിയ ഗാർസിയ നാലു കുട്ടികളുള്ള ഒരു കുടുംബത്തിലാണ് ജനിച്ചുവളർന്നത്. 16-ാം വയസിൽ മാനിസാലെസ് സെമിനാരിയിൽ പ്രവേശിച്ചു. പൗരോഹിത്യപരിശീലനത്തിനുശേഷം 26-ാം വയസിൽ അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു. വൈദികനെന്ന നിലയിൽ ഫാ. എവലിയോയുടെ 75-ാം പൗരോഹിത്യവാർഷികം ജൂൺ 11-ന് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് ഒരു റിട്ടയർമെന്റ് ഹോമിൽ, വൈദികൻ താമസിക്കുന്ന പട്ടണമായ വില്ല കെമ്പിസിൽ ആഘോഷിക്കും.

അദ്ദേഹത്തിന് 99 വയസ് തികഞ്ഞ അവസരത്തിൽ, “ഞാൻ ദൈവത്താൽ അനുഗ്രഹിക്കപ്പെട്ടവനാണ്” എന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ദൈവത്തിലുള്ള ആഴമായ വിശ്വാസവും ലാളിത്യമേറിയ ജീവിതരീതിയും ആരോഗ്യപരമായ നല്ല ശീലങ്ങളുമാണ് അദ്ദേഹത്തെ മുന്നോട്ടുനയിക്കുന്നത്. ഇന്നും പ്രായത്തിന്റേതായ അവശതകളുണ്ടെങ്കിലും ഒരുദിവസം പോലും വിശുദ്ധ കുർബാന അദ്ദേഹം മുടക്കാറില്ല; ഒപ്പം ലോകം മുഴുവനുവേണ്ടിയും സദാ പ്രാർഥനയിലുമായിരിക്കും ഈ വൈദികൻ.

കൊളംബിയ ഒരു മതേതരരാഷ്ട്രമാണ്. മതപരമായ ഉത്സവങ്ങൾപോലും ഭക്തിയെക്കാൾ ലൗകികതയ്ക്ക് പ്രാധാന്യം നൽകുന്ന വിധത്തിലേക്ക് ഇന്ന് എത്തിയിട്ടുണ്ട്. എന്നാൽ ഈ മാറിയ സാഹചര്യങ്ങൾക്കിടയിലും ഓരോ ആഘോഷങ്ങളും ഭക്തിപൂർവം ആചരിക്കാൻ ഈ വൈദികൻ ശ്രമിക്കുന്നുവെന്നത് അനേകർക്ക്‌ മാതൃകയായ ഒരു കാര്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.