ഗർഭഛിദ്ര കേന്ദ്രത്തിനു സമീപം നിശ്ശബ്ദ പ്രാർഥന നടത്തിയതിന് വിചാരണ നേരിട്ട് ക്രിസ്ത്യൻ പ്രോ-ലൈഫ് പ്രവർത്തക

ബർമിംഗ്ഹാമിലെ ഒരു ഗർഭഛിദ്ര കേന്ദ്രത്തിന് സമീപം നിശ്ശബ്ദമായി പ്രാർഥിച്ചതുമായി ബന്ധപ്പെട്ട കേസിൽ വിചാരണ നേരിട്ട് ബ്രിട്ടീഷ് ക്രിസ്ത്യൻ പ്രോ-ലൈഫ് പ്രവർത്തക ഇസബെൽ വോൺ-സ്പ്രൂസ്. 2027 ജനുവരി 25 മുതൽ 29 വരെയാണ് വിചാരണ നിശ്ചയിച്ചിരിക്കുന്നത്.

2023-ലെ പബ്ലിക് ഓർഡർ ആക്ട് പ്രകാരം ഗർഭഛിദ്ര കേന്ദ്രങ്ങൾക്ക് സമീപം ‘ബഫർ സോൺ’ (നിരോധിത മേഖല) ഏർപ്പെടുത്തിയിരുന്നു. ഈ അതിർത്തി ലംഘിച്ച് പ്രാർഥിച്ചുവെന്നാരോപിച്ച് 2025 ഡിസംബറിൽ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു. ഈ കേസിൽ ജനുവരിയിൽ ഇവർ കുറ്റം നിഷേധിച്ചിരുന്നു. എ.ഡി.എഫ് ഇന്റർനാഷണൽ (ADF International) ആണ് ഇസബെല്ലിന് വേണ്ടി നിയമപോരാട്ടം നടത്തുന്നത്.

ചിന്താ സ്വാതന്ത്ര്യത്തിനും മതസ്വാതന്ത്ര്യത്തിനുമുള്ള തന്റെ മൗലിക മനുഷ്യാവകാശങ്ങൾ കോടതി ഉയർത്തിപ്പിടിക്കുമെന്നും വിചാരണയിൽ തനിക്ക് അനുകൂലമായ വിധി ഉണ്ടാകുമെന്നുമാണ് പ്രതീക്ഷയെന്ന് ഇസബെൽ വ്യക്തമാക്കി. പൊതുസ്ഥലത്ത് നിശ്ശബ്ദമായി നിൽക്കുന്നതും വിശ്വാസങ്ങൾ പുലർത്തുന്നതും കുറ്റകൃത്യമാകരുതെന്നും അവർ ചൂണ്ടിക്കാട്ടി. നേരത്തെയും സമാനമായ കാരണങ്ങളാൽ ഇസബെൽ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. 2022-ൽ പ്രാദേശിക നിയന്ത്രണ ഉത്തരവ് ലംഘിച്ച് പ്രാർഥിച്ചുവെന്നാരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട ഇവരെ കോടതി കുറ്റവിമുക്തയാക്കിയിരുന്നു. 2023 മാർച്ചിൽ വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടെങ്കിലും പിന്നീട് അന്വേഷണം അവസാനിപ്പിക്കുകയും, 2024 ഓഗസ്റ്റിൽ വെസ്റ്റ് മിഡ്‌ലാൻഡ്സ് പൊലീസ് ഇവർക്ക് 13,000 പൗണ്ട് നഷ്ടപരിഹാരം നൽകുകയും ചെയ്തിരുന്നു.

അതേസമയം, ക്രൈസ്തവരും പ്രോ-ലൈഫ് പ്രവർത്തകരും ബ്രിട്ടീഷ് അധികാരികളിൽ നിന്ന് വിവേചനവും സെൻസർഷിപ്പും നേരിടുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഇസബെല്ലിന്റെ കേസെന്ന് എ.ഡി.എഫ് ഇന്റർനാഷണൽ കുറ്റപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.