നൈജീരിയയിൽ ക്രിസ്തുമസ് ദിനത്തിലെ ആക്രമണത്തിനു ശേഷം നിരവധിപ്പേർ ഇപ്പോഴും തടവിൽ: വെളിപ്പെടുത്തലുമായി കത്തോലിക്കാ വൈദികൻ

നൈജീരിയയിലെ കടുനയിൽ ആംഗ്‌വാൻ അകു വില്ലേജിൽ ക്രിസ്തുമസ് ദിനത്തിൽ നടന്ന ആക്രമണത്തെ തുടർന്ന് ഡസൻ കണക്കിന് ആളുകളെയാണ് തട്ടിക്കൊണ്ടു പോയത്. ദിവസങ്ങൾ പിന്നിട്ടിട്ടും അവർ ഇപ്പോഴും തടവിലാണെന്ന് ഫാ. ജസ്റ്റിൻ ജോൺ ഡൈകുക്ക് എന്ന വൈദികൻ വെളിപ്പെടുത്തുന്നു.

ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 53 പേരെ തട്ടിക്കൊണ്ടു പോകുകയും ചെയ്തു. “നിരവധിപ്പേർ ഇപ്പോഴും തടവിലാണ്. അവർ എവിടെയാണെന്നു പോലും അറിയില്ല. കുറച്ചു പേർക്ക് ഗ്രാമത്തിലേക്ക് രക്ഷപ്പെടാൻ കഴിഞ്ഞു” – ഫാ. ഡൈകുക്ക് പറയുന്നു. ഫുലാനി ഇടയന്മാരും മറ്റ് അജ്ഞാതരായ കൊള്ളക്കാരും ക്രിസ്തുമസ് ദിനത്തിന് കുറച്ചു ദിവസങ്ങൾക്കു മുമ്പ് കടുന സംസ്ഥാനത്തെ മല്ലഗം, കഗോറോ ഗ്രാമങ്ങളിൽ ആക്രമണം നടത്തിയതായി പറയപ്പെടുന്നു. ഈ സമയത്ത് മല്ലഗം ഗ്രാമത്തിൽ 40 ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഡിസംബർ 23 -ന് കഗോറോ ഗ്രാമത്തിൽ നടന്ന ആക്രമണത്തിൽ മൂന്ന് ക്രിസ്ത്യാനികൾക്ക് ജീവൻ നഷ്ടമായി.

ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്ത് ആവർത്തിച്ചുള്ള അക്രമണങ്ങളുടെ ചില കാരണങ്ങൾ അദ്ദേഹം ഉയർത്തിക്കാട്ടി. “ക്രൈസ്തവർക്കു നേരെ വർദ്ധിച്ചുവരുന്ന ആക്രമണങ്ങൾ പരിഹരിക്കാൻ സർക്കാരിന് കഴിയുമോ എന്ന് വ്യക്തമല്ല. സുരക്ഷാ ഏജൻസികൾക്ക് പ്രശ്നം കൈകാര്യം ചെയ്യാൻ കഴിയും. പക്ഷേ, അവർക്ക് അധികാരികൾ അനുവാദം നൽകണം. മൂന്നു കാരണങ്ങളാലാണ് തങ്ങൾ ആക്രമിക്കപ്പെട്ടതെന്ന് പ്രദേശവാസികൾ സംശയിക്കുന്നു. അവർ കത്തോലിക്കരും സുവിശേഷകരും ബാപ്റ്റിസ്റ്റുകളും അടങ്ങുന്ന ക്രിസ്ത്യാനികളാണ്” – ഈ വൈദികൻ വെളിപ്പെടുത്തുന്നു.

പശ്ചിമാഫ്രിക്കൻ രാജ്യത്തെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ, 2009 -ൽ ആരംഭിച്ച ബോക്കോ ഹറാം ഗ്രൂപ്പ് കലാപം ഉയർത്തിയപ്പോൾ മുതൽ നൈജീരിയയിൽ അരക്ഷിതാവസ്ഥയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.