
അസർബൈജാന്റെ ആക്രമണങ്ങളെ തുടർന്ന് അർമേനിയക്കാർ പൂർണ്ണമായും നാഗോർണോ-കറാബാക്കിൽ നിന്ന് പലായനം ചെയ്തതായി അർമേനിയൻ പ്രതിരോധ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. അർമേനിയൻ അഭയാർഥികളെ നിറച്ച, വാഹനങ്ങളുടെ നീണ്ടനിര ഈ അവസരത്തിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നുണ്ട്.
1,20,000 -ഓളം വരുന്ന ജനസംഖ്യയിൽ 1,00,617 ആളുകൾ നിർബന്ധിതമായി കുടിയിറക്കപ്പെട്ടു എന്നാണ് അർമേനിയൻ ഗവൺമെന്റ് അഭിപ്രായപ്പെടുന്നത്. “ഒമ്പതുമാസം മുമ്പ് ഇവിടത്തെ ആളുകൾക്ക് അവരുടെ വീടുകൾ വിട്ടുപോകാൻ താല്പര്യമില്ലായിരുന്നു. എന്നാൽ, അസർബൈജാൻ സർക്കാരിന്റെ അക്രമാസക്തമായ പ്രവർത്തനങ്ങളുടെ ഫലമായി ഇവർ ഇപ്പോൾ ഇവിടം വിട്ടുപോകാൻ ആഗ്രഹിക്കുന്നു” – അർമേനിയൻ പത്രപ്രവർത്തകയായ ലാറ സെട്രാകിയൻ പങ്കുവച്ചു.
അർമേനിയക്കാരുടെ പൂർണ്ണമായ കീഴടങ്ങൽവരെ ആക്രമണങ്ങൾ അവസാനിക്കില്ലെന്ന് പറഞ്ഞുകൊണ്ടാണ് സെപ്റ്റംബർ 19 -ന് അർമേനിയൻ ക്രൈസ്തവർ ഉൾപ്പെടുന്ന തർക്കപ്രദേശമായ നാഗോർണോ- കറാബാഖ് മേഖലയിൽ അസർബൈജാൻ ആക്രമണം തുടങ്ങിയത്.




